ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്നാരോപിച്ച് കോൺഗ്രസ് എംഎൽഎ ഹരീഷ് ധാമിയും അനുയായികളും ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി തകർത്തതായി ആരോപണം. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പിത്തോറഗഢ് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പരമ്പരാഗത ജൗൽജിബി മേളയുടെ ഉദ്ഘാടന ചടങ്ങിന് പിന്നാലെയായിരുന്നു പ്രതിഷേധവും സംഘർഷവും.
മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മേള ഉദ്ഘാടനം ചെയ്ത് വേദി വിട്ടുപോയതിന് തൊട്ടുപിന്നാലെയാണ് സംഭവമുണ്ടായത്. ധാർചുല മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ ഹരീഷ് ധാമി മേളാ കമ്മിറ്റി അധ്യക്ഷൻ കൂടിയാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രസംഗിക്കാനും പ്രദേശവാസികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കാനും തനിക്ക് അവസരം നൽകിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഇതിൽ പ്രതിഷേധിച്ചാണ് വേദിയിൽ അതിക്രമം നടത്തിയതെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ഹരീഷ് ധാമി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചു. മേളാ കമ്മിറ്റി അധ്യക്ഷനായിരുന്നിട്ടും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും പ്രദേശവാസികളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ നേരിടാൻ സർക്കാരിന് ഭയമാണെന്നും സംസ്ഥാനത്ത് നിലനിൽക്കുന്ന അഴിമതിയുടെ യാഥാർഥ്യം കേൾക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ലെന്നും ഹരീഷ് ധാമി പറഞ്ഞു.
സംഭവത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ വേദിയിലേക്ക് കയറി പ്രതിഷേധിച്ചു. പിത്തോറഗഢ് എംഎൽഎ മയൂഖ് സിങ് മഹറിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളെ ചടങ്ങിൽനിന്ന് മാറ്റിനിർത്തിയത് ഭരണപരമായ പ്രോട്ടോക്കോൾ ലംഘനമാണെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുകേഷ് പന്ത് ആരോപിച്ചു. ജനപ്രതിനിധികളെ ക്ഷണിക്കാതിരുന്ന സർക്കാർ എല്ലാ ധാർമിക മര്യാദകളും ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംഭവം മുഖ്യമന്ത്രി വേദി വിട്ടുപോയ ശേഷവും പരിപാടി അവസാനിച്ചതിന് ശേഷവുമാണ് ഉണ്ടായതെന്ന് ധാർചുല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.കെ. സിങ് വ്യക്തമാക്കി. സംഭവത്തിൽ പരാതി നൽകുമെന്ന് ബിജെപി പ്രവർത്തകർ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നേരത്തെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ജൗൽജിബി സാംസ്കാരിക-വ്യാപാര മേള ഉദ്ഘാടനം ചെയ്തത്. ഇന്ത്യ, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളും ഉൽപ്പന്നങ്ങളും ഒത്തുചേരുന്ന ചരിത്രപ്രധാനമായ മേളയാണിത്. അതിർത്തി പ്രദേശങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാരബന്ധത്തിന്റെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ് മേളയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ- ടിബറ്റ് അതിർത്തി വ്യാപാരത്തിലൂടെ ടിബറ്റിൽനിന്ന് എത്തിക്കുന്ന കമ്പിളി ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ട്. ഇതിന് പുറമെ ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള വ്യാപാരികളുടെ കരകൗശല ഉൽപ്പന്നങ്ങളും മറ്റ് വ്യാപാര വസ്തുക്കളും പ്രദർശനത്തിനുണ്ട്.
സംഭവത്തെ അപലപിച്ച് ബിജെപി പ്രാദേശിക നേതാവ് മഹേന്ദ്ര സിങ് ബുഡിയാലും രംഗത്തെത്തി. മുഖ്യമന്ത്രിക്ക് കാശിപൂരിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ സമയപരിമിതി മൂലം മേളയുടെ ഉദ്ഘാടന പരിപാടി ചുരുക്കിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മുഖ്യമന്ത്രിക്കെതിരെ ഹരീഷ് ധാമി മോശം ഭാഷ ഉപയോഗിച്ചത് അപലപനീയമാണെന്നും ധാർചുല മണ്ഡലത്തിൽ കോൺഗ്രസിന് സ്വാധീനം നഷ്ടപ്പെടുന്നതിലുള്ള എംഎൽഎയുടെ നിരാശയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.