ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അമേരിക്കയുടെ സാമ്പത്തിക ഉപരോധവും ഇറാന്റെ സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കടബാധ്യതകൾ തീർക്കാനും കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ കണ്ടെത്താനും സ്വന്തം ശരീരാവയവങ്ങളും രക്തവും വിൽപനയ്ക്ക് വെച്ച് ഇറാനികൾ. ടെലഗ്രാം ചാനലുകൾ വഴി അവയവങ്ങൾ വിൽക്കാൻ പരസ്യങ്ങൾ വ്യാപകമാകുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
‘ഇറാൻ ഇന്റർനാഷണൽ’ നടത്തിയ അന്വേഷണത്തിലാണ് അവയവ വിൽപനയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വൃക്ക, മജ്ജ, കരൾ എന്നിവയ്ക്കു പുറമേ കണ്ണിന്റെ കോർണിയയും വൃഷണങ്ങളും വിൽപനയ്ക്കുവെച്ചുള്ള പരസ്യങ്ങളും ടെലഗ്രാം ചാനലുകളിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വൃക്ക വിൽപനയ്ക്കായി അഞ്ഞൂറോളം പരസ്യങ്ങളും മജ്ജയ്ക്ക് 279 പരസ്യങ്ങളും കരളിന് 51 പരസ്യങ്ങളും കോർണിയയ്ക്ക് രണ്ട് പരസ്യങ്ങളുമാണ് കണ്ടെത്തിയത്. വൃഷണങ്ങൾ വിൽക്കാൻ തയ്യാറാണെന്ന് അറിയിച്ച് 15 പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പരസ്യം നൽകുന്നവരിൽ ചിലർക്ക് അവയവദാനത്തെക്കുറിച്ചോ അവയവങ്ങൾ കൈമാറുന്ന നടപടിക്രമങ്ങളെക്കുറിച്ചോ കൃത്യമായ ധാരണയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘ഈ അവയവമില്ലെങ്കിലും എനിക്ക് ജീവിക്കാനാകും. സാമ്പത്തിക ബാധ്യതകളും പ്രശ്നങ്ങളും എന്നെയും കുടുംബത്തെയും അത്രത്തോളം ബാധിച്ചിട്ടുണ്ട്’ എന്നാണ് വൃഷണങ്ങൾ വിൽക്കാൻ തയ്യാറായ ഒരാൾ പ്രതികരിച്ചത്.
മെയ് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ ഒരു ടെലഗ്രാം ചാനലിൽ മാത്രം 600-ലധികം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ മൂന്നിലൊന്ന് പേരും ഒന്നിലധികം അവയവങ്ങൾ വിൽക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ബിസിനസ് തകർച്ചയെ തുടർന്ന് കടക്കെണിയിലായവർ, മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പണം കണ്ടെത്തുന്ന മാതാപിതാക്കൾ, വാടക നൽകാൻ പോലും കഴിയാത്ത അമ്മമാർ തുടങ്ങിയവരാണ് പരസ്യം നൽകിയവരിൽ ഏറെയും.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്കു പുറമേ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക, നാവിക ഉപരോധങ്ങളും ഇറാന്റെ സ്ഥിതി വഷളാക്കിയെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ എണ്ണവരുമാനത്തെയും അവശ്യവസ്തുക്കളുടെ ലഭ്യതയെയും ഉപരോധങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇറാനു മേലുള്ള നാവിക ഉപരോധവും സാമ്പത്തിക നിയന്ത്രണങ്ങളും തുടരുമെന്നും വരുംമാസങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നുമാണ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ വിലയിരുത്തൽ.
അതേസമയം, സാമ്പത്തിക നിയന്ത്രണങ്ങളെ നേരിടാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടം നടപടികൾ സ്വീകരിച്ചുവരികയാണ്. എന്നാൽ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പെട്ടെന്ന് തകരുമെന്ന മുന്നറിയിപ്പുകൾ ഇറാൻ അധികൃതർ തള്ളിക്കളയുന്നു.