പൊന്നാനി: പൊന്നാനി ബിനാലെയെ രാജ്യാന്തര ശ്രദ്ധാകേന്ദ്രമാക്കാനുള്ള നിരവധി ആശയങ്ങൾ ഉയർന്നു വരുന്നുണ്ടെന്ന് പൊന്നാനി എംഎൽഎ കെ.പി. നൗഷാദലി. അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയെയും ഉൾപ്പെടെ ലോകപ്രശസ്ത വ്യക്തിത്വങ്ങളെ പൊന്നാനിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ നടന്ന ഒരു കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ഗായിക ശ്രേയാ ഘോഷാൽ എന്നിവരെയും ബിനാലെയുടെ ഭാഗമാക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം നടൻ മോഹൻലാലിനെ പൊന്നാനി ബിനാലെയുടെ ഡയറക്ടറാക്കുന്നതും പരിഗണനയിലാണെന്ന് നൗഷാദലി പറഞ്ഞു.
‘ഷാരൂഖ് ഖാനും ശ്രേയാഘോഷലും ലയണൽ മെസ്സി തൊട്ട് മംദാനി വരെയുള്ള ആളുകളെ പൊന്നാനിയിലേക്ക് കൊണ്ടുവരണമെന്ന് ചിന്തയുണ്ട്. ഇതൊന്നും വിടുവായത്തമായി തള്ളിക്കളയണ്ട. ഈ പറഞ്ഞ പേരുകളിൽ 75 ശതമാനം പേരെയെങ്കിലും കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കംവേണ്ട’; അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് യാഥാർഥ്യമായിരുന്നില്ല. അന്നത്തെ പ്രഖ്യാപനം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.


















































