മസ്‌കത്ത്: ഒമാനിൽ പിതാവിന്റെ അടുത്തേക്ക് അമ്മയ്ക്കൊപ്പമെത്തിയ കുഞ്ഞു ദക്ഷയുടെ മരണം തീരാനോവാകുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മസ്‌കത്തിന് സമീപം റുസൈലിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചത്. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും ഏക മകൾ ദക്ഷ പ്രദീപ് (4) ആണ് മരിച്ചത്.
വൈഫൈ കണക്ഷനുവേണ്ടി ജനലിലെ നെറ്റിൽ ദ്വാരമുണ്ടാക്കിയതിന്റെ വിടവിലൂടെ അമ്മയെ നോക്കുന്നതിനിടെ ദക്ഷ അപ്രതീക്ഷിതമായി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു പ്രദീപ്. ദക്ഷ ഉറങ്ങുന്ന സമയം കുട്ടിയുടെ അമ്മ ദിവ്യ പ്രദീപിന് സമീപത്തേക്ക് പോയതായിരുന്നു. ഈ സമയത്താണ് കുട്ടി ജനൽ വഴി താഴേക്ക് വീഴുന്നത്. ഉറക്കമുണർന്ന കുഞ്ഞ് അമ്മയെ കാണാത്തതിന്റെ വെപ്രാളത്തിൽ ജനലിലെ നെറ്റിന്റെ വിടവിലൂടെ പുറത്തുനോക്കുന്നതിനിടെ കാൽ തെറ്റി പുറത്തേക്കു വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ഒമാൻ പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അടുത്തിടെയാണ് ദിവ്യയും മകളും സന്ദർശന വീസയിൽ ഒമാനിലെത്തിയത്. പ്രദീപിന്റെയും ദിവ്യയുടെയും ഏക മകളാണ് ദക്ഷ പ്രദീപ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകി; രണ്ടാം ക്ലാസ് വിദ്യാർഥിയെ തല്ലി ചതച്ചു; അധ്യാപകനെതിരെ കേസ്
















































