തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം താഴ്ന്ന സ്വർണവില ഇന്ന് കൂടുതൽ നഷ്ടം രേഖപ്പെടുത്തി.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13,370 രൂപയായി. പവന് 2,680 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,960 രൂപയായി. ഇന്നലെ വൈകുന്നേരം ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയും പവന് 1,09,640 രൂപയുമായിരുന്നു.
18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞു. ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,265 രൂപയായാണ് വ്യാപാരം നടക്കുന്നത്.
യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ ആദ്യ ഫെഡ് യോഗ തീരുമാനത്തിന് പിന്നാലെയാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് സമ്മർദം ശക്തമായത്. പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും ഈ വർഷം നിരക്ക് വർധനയ്ക്ക് സാധ്യതയുണ്ടെന്ന സൂചന ഫെഡറൽ റിസർവ് നൽകിയിരുന്നു. പലിശനിരക്ക് കുറയ്ക്കുന്നതിന് അനുകൂലമായ സൂചനകൾ പ്രസ്താവനയിൽ ഇല്ലാതിരുന്നതും വിപണിയെ സ്വാധീനിച്ചു.
ഫെഡറൽ റിസർവ് ബോർഡിലെ 19 അംഗങ്ങളിൽ ഒൻപത് പേരും ഈ വർഷം ഒരു തവണയെങ്കിലും പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഒക്ടോബറിൽ നിരക്ക് വർധനയുണ്ടാകുമെന്ന പ്രതീക്ഷ യു.എസ് ട്രഷറി യീൽഡിനെയും ഡോളറിനെയും ശക്തിപ്പെടുത്തി. ഡോളർ കരുത്താർജിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില താഴേക്കിറങ്ങുകയായിരുന്നു.
ഒരു ഘട്ടത്തിൽ ഔൺസിന് 4,299 ഡോളർ വരെ താഴ്ന്ന സ്വർണവിലയ്ക്ക് ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് താൽക്കാലിക പിന്തുണ നൽകിയതോടെ 4,322 ഡോളർ വരെ ഉയർന്നു. എന്നാൽ നിലവിൽ ഔൺസിന് 4,244.90 ഡോളർ നിരക്കിലാണ് സ്വർണം വ്യാപാരം തുടരുന്നത്.
ഈ മാസത്തെ സ്വർണവില (പവന്‍):
ജൂൺ 1 – 1,14,560 രൂപ
ജൂൺ 2 – 1,14,560 രൂപ
ജൂൺ 3 – 1,14,560 രൂപ
ജൂൺ 4 – 1,14,480 രൂപ
ജൂൺ 5 – 1,14,200 രൂപ
ജൂൺ 6 – 1,14,200 രൂപ
ജൂൺ 7 – 1,14,200 രൂപ
ജൂൺ 8 – 1,11,240 രൂപ
ജൂൺ 9 – 1,12,320 രൂപ
ജൂൺ 11 – 1,06,800 രൂപ
ജൂൺ 12 – 1,08,960 രൂപ
ജൂൺ 13 – 1,09,320 രൂപ
ജൂൺ 14 – 1,09,320 രൂപ
ജൂൺ 15 – 1,11,120 രൂപ
ജൂൺ 16 – 1,11,000 രൂപ
ജൂൺ 17 – 1,10,800 രൂപ
ജൂൺ 18 – 1,09,640 രൂപ
ജൂൺ 19 – 1,06,960 രൂപ
















































