പാലക്കാട്: റിട്ട. റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ താമസിക്കുന്ന പ്രിൻസി (46)യെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്.
ലക്കിടി സ്വദേശിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്. സർവീസിലിരിക്കെയായിരുന്നു യുവതി ഉദ്യോഗസ്ഥനുമായി പരിചയം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സൗഹൃദം മുതലെടുത്ത് വിവിധ ഘട്ടങ്ങളിലായി പണവും മൊബൈൽ ഫോണുകളും കൈക്കലാക്കിയെന്നാണ് കേസ്.
പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം വാങ്ങിയതായും പരാതിയിലുണ്ട്. ഇതുവഴി ഏകദേശം 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സമാന രീതിയിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
















































