തിരുവനന്തപുരം: വട്ടപ്പാറ ബിവറേജിനു മുന്നിൽ മദ്യപസംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയും പ്രതികൾ ആക്രമിച്ചു. രണ്ടു പോലീസുകാർക്കു പേർക്ക് പരുക്കേറ്റു. വൈകീട്ടോടെ വട്ടപ്പാറ ബിവറേജിൽ മദ്യം വാങ്ങാൻ വന്നവരും മദ്യപിച്ചെത്തിയ സംഘവും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. തലയ്ക്ക് പരുക്കേറ്റ ഒരാളെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
,
ബിവറേജിനു മുന്നിൽ മദ്യപസംഘങ്ങളുടെ കൂട്ടത്തല്ലിനെത്തുടർന്ന് നാട്ടുകാർ വട്ടപ്പാറ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ മദ്യപസംഘം ആക്രമിക്കുകയായിരുന്നു. കൂട്ടത്തല്ലിനെത്തുടർന്ന് പേരൂർക്കട വഴയില സ്വദേശികളായ നാലുപേരെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പോലീസെത്തിയാണ് മദ്യപസംഘത്തെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവർ അസഭ്യവർഷം തുടർന്നുവെന്നും പോലീസ് പറയുന്നു.


















































