തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പോലീസുകാർ വിവിധ യൂണിറ്റുകളിലായതിനാൽ ഉത്തരവ് പോലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. ഗൺമാൻ അനിൽ, എസ്കോർട്ട് പോലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ഇവർ സ്പെഷൽ ബ്രാഞ്ചിന് കീഴിലാണ് ജോലിയെടുക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു എസ്ഐടി റിപ്പോർട്ട്. ഈ വകുപ്പും അഞ്ച് പേർക്കെതിരെ ചുമത്തും.
ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ് സന്ദീപും ആലപ്പുഴ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. വിഐപി സുരക്ഷയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് തങ്ങൾ നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ ജാമ്യാപേക്ഷയിൽ വാദിച്ചത്. കേസിന് പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു. അതുപോലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചടുക്കുകയും വാഹനത്തിൽ ഇടിക്കുകയും ചെയ്തു. Z പ്ലസ് സുരക്ഷയുളള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് എന്നും ജാമ്യഹർജിയിൽ പ്രതികൾ വാദിച്ചു.
അതേസമയം പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്.
എന്നാൽ ഗൺമാൻ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരായ കേസ് അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തം ഓഫീസ് ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കാനാണ് എഡിജിപി എംആർ അജിത് കുമാറിന്റെ നീക്കം. കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥർക്കാണ് അജിത് കുമാർ അനൗദ്യോഗികമായി വിശദീകരണം നൽകിയത്.
അതേസമയം എഡിജിപി എംആർ അജിത് കുമാറാണ് ആലപ്പുഴ രക്ഷാപ്രവർത്തനത്തിലെ പോലീസ് റിപ്പോർട്ട് തിരുത്താൻ സമ്മർദം ചെലുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴി. അജിത് കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ട്. എന്നാൽ കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാർ പറയുന്നു.


















































