ചിന്നക്കനാൽ; ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാംദിനം പുനരാരംഭിച്ചു. രാവിലെ ഏഴുമണിയോടെയാണ് ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം ആരംഭിച്ചത്. അതുപോലെ ചക്കക്കൊമ്പൻ നിലവിൽ ഉള്ള സ്ഥലം ദൗത്യസംഘം കണ്ടെത്തിയിട്ടുണ്ട്. ചെമ്പകത്തൊഴുത്തുകുടി സെറ്റിൽമെന്റിന് സമീപമാണ് ആന നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെനിന്ന് 301 കോളനി ഭാഗത്തേക്ക് ആനയെ എത്തിക്കാനാണ് ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിച്ചു വരുകയാണ്.
അതേസമയം മയക്കുവെടിയേറ്റിട്ടും മയങ്ങാത്ത ആന കാട്ടിലേക്ക് ഓടിയതോടെ ആദ്യദിവസം ദൗത്യം പൂർത്തിയാക്കാനായിരുന്നില്ല. ഇതിനിടെ ഇന്നലെ ആന ദൗത്യസംഘത്തിനുനേരെ ആക്രമണത്തിന് തുനിഞ്ഞെന്നും ഒരു സംഘം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും ഹൈറേഞ്ച് സിസിഎഫ് ഡി.കെ.വിനോദ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
ഇന്നലെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ ആനയെ മയക്കുവെടി വയ്ക്കാൻ തയാറായിരുന്നത്. 12 മണിക്കൂറിലേറെ നീണ്ടുനിന്ന ആദ്യദിന ദൗത്യത്തിനിടെ ആന തുറസായ സ്ഥലത്തെത്തിയപ്പോഴാണ് സംഘം ആദ്യ മയക്കുവെടി വച്ചത്. എന്നാൽ ഇത് ആനയുടെ ശരീരത്തിൽ പതിച്ചെങ്കിലും വലിയ പുൽച്ചെടികളിൽ തട്ടി താഴെ വീണു. അതിനാൽ പകുതി മരുന്നു മാത്രമാണ് ആനയുടെ ശരീരത്തിൽ കയറിയത്. പാതി മയക്കത്തിലായ ആനയുടെ ചെവിയുടെയും വാലിന്റെയും ആട്ടം നിന്നതോടെ, കുങ്കിയാനകളായ വിക്രം, ഭരത് എന്നിവയെ ദൗത്യമേഖലയുടെ അടുത്തേക്ക് എത്തിച്ചു. എന്നാൽ, തുമ്പിക്കൈ അനങ്ങിയതോടെ ആന പൂർണ മയക്കത്തിലല്ലെന്ന് മനസ്സിലായ ദൗത്യസംഘം രണ്ട്, മൂന്ന് ഡോസുകൾ കൊടുക്കാനായി തയാറെടുക്കുന്നതിനിടെ ചക്കക്കൊമ്പൻ ഉണരുകയും ദൗത്യസംഘത്തിനു നേരെ പാഞ്ഞടുക്കുകയുമായിരുന്നു. അദ്ഭുതകരമായി സേനാംഗങ്ങൾ രക്ഷപ്പെട്ടതായാണ് വനം വകുപ്പ് അറിയിച്ചത്. തുടർന്ന് ആനയെ വെടി പൊട്ടിച്ച് ഓടിച്ചു.
ഓട്ടം തുടർന്ന ചക്കക്കൊമ്പൻ പിന്നീട് 301 കോളനി ഭാഗത്തെ കാടിനുള്ളിലേക്ക് ഓടിമറഞ്ഞു. പ്രദേശത്ത് ശക്തമായ മഴയും തുടങ്ങിയതോടെയാണ് ആദ്യദിന ദൗത്യം അവസാനിപ്പിച്ചത്. ചക്കക്കൊമ്പൻ ഇന്നലെ രാത്രി വൈകിയും ആനയിറങ്കൽ ഡാമിന്റെ ഭാഗത്തുള്ള വനമേഖലയിൽ തുടരുകയാണ്. ഇവിടെ തുടർന്നാൽ ഇന്നത്തെ ദൗത്യം പ്രയാസകരമാകുമെന്നാണു സൂചന.