കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി സ്വദേശിയായ കാരക്കുന്നുമ്മൽ വീട്ടിൽ മുസ്തഫ കെ.കെ. (54) യെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുന്ദമംഗലം സ്വദേശിനിയായ യുവതി ടൈലറിങ് സ്ഥാപനത്തിൽ തയ്ക്കാൻ നൽകിയ വസ്ത്രം വാങ്ങാനായി എത്തിയപ്പോഴാണ് സ്ഥാപനത്തിന്റെ ഉടമയായ പ്രതി ലൈംഗിക ഉദ്ദേശ്യത്തോടെ യുവതിയെ കയറി പിടിച്ചതെന്ന് പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

















































