തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. എന്നാൽ, മറ്റൊരു സമരനേതാവായ വളർമതി നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.
സമരവേദിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിനു പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി എം. ജയകൃഷ്ണൻ രംഗത്തെത്തി. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഉദ്ധരിച്ചായിരുന്നു വിമർശനം. നിലവിലെ സാഹചര്യം കണ്ട് മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോയെന്ന് അറിയില്ലെന്നും, അദ്ദേഹം കരയുന്നത് തങ്ങൾക്ക് ഇഷ്ടമല്ലെന്നും ജയകൃഷ്ണൻ പരിഹസിച്ചു. ഉദ്യോഗാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്ത് ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും അതുകൊണ്ട് ഫലമുണ്ടായില്ല. നിയമനങ്ങൾക്ക് തടസ്സം നിൽക്കുന്നത് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ധനവകുപ്പാണ്. കഴിഞ്ഞ ദിവസം നടന്ന ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകം മാത്രമായിരുന്നുവെന്നും ന്യായീകരിക്കാനാകാത്ത സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
നിരാഹാര സമരം നടത്തുന്നവരോട് തീരുമാനമെടുക്കാൻ ഒരാഴ്ച സമയം ചോദിക്കുന്നത് കടുത്ത നീതികേടാണ്. ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ എത്രയും വേഗം തീരുമാനമെടുക്കണമെന്നും എം. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.