മുംബൈ: ആഗോള വിപണിയിലെ ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ, വാഹനവ്യൂഹം ഒഴിവാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിളിലാണ് അദ്ദേഹം നിയമസഭാ മന്ദിരമായ വിധാൻ ഭവനിലേക്ക് എത്തിയത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഔദ്യോഗിക വസതിയിൽ നിന്നാണ് ഫഡ്‌നാവിസ് ബൈക്കിൽ യാത്ര ചെയ്തത്. ബിജെപി നേതാവും മന്ത്രിയുമായ ആശിഷ് ഷെലാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പോലീസിന്റെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥർ ബജാജ് പൾസർ 220 ബൈക്കുകളിലായിരുന്നു മുഖ്യമന്ത്രിയെ അനുഗമിച്ചത്.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ തന്റെ 15 വാഹനങ്ങളടങ്ങിയ ഔദ്യോഗിക വ്യൂഹം രണ്ട് എസ്‌യുവികളായി ചുരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ ഈ നടപടി ശ്രദ്ധ നേടുന്നത്.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാജ്യത്തിനായി എന്റെ ചെറിയൊരു കാൽവെപ്പാണിത്. എല്ലാവരും തങ്ങളുടെ ജീവിതശൈലിയിൽ സാധ്യമായ മാറ്റങ്ങൾ വരുത്തണം” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ഫഡ്‌നാവിസ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
ഇന്ത്യൻ വിപണിയിൽ ഏറ്റവും ജനപ്രിയമായ മോട്ടോർസൈക്കിളുകളിലൊന്നാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. ഏകദേശം 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് എൻജിനാണ് ഇതിലുള്ളത്. ശക്തിയും പ്രകടനവും കൊണ്ട് യുവാക്കൾക്കിടയിലും വാഹനപ്രേമികൾക്കിടയിലും ഈ ബൈക്കിന് വലിയ സ്വീകാര്യതയുണ്ട്.
രാഷ്ട്രീയ നേതാക്കൾ റോയൽ എൻഫീൽഡ് ബൈക്കിൽ യാത്ര ചെയ്യുന്നത് ഇതാദ്യമല്ല. 2025-ൽ ബിഹാറിൽ നടന്ന ഒരു റാലിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും ക്ലാസിക് 350 ബൈക്കിൽ സഞ്ചരിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു.

















































