കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുറിപ്പ്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ‘നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്’, എന്ന കുറിപ്പാണ് ലിജോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. പിണറായി വിജയന്റെ ചിത്രം പങ്കുവച്ചാണ് ലിജോ ജോസ് കുറിപ്പ് പങ്കുവെച്ചത്.
അതേസമയം തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പിണറായി വിജയൻ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വാർത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ 10 വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് കനത്ത തോൽവിയാണ് നേരിട്ടത്. യുഡിഎഫ് 102 സീറ്റിൽ വിജയിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എൽഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എൻഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോൺഗ്രസ്-63, മുസ്ലിം ലീഗ്-22, കേരളാ കോൺഗ്രസ്-7, സ്വതന്ത്രർ-4, ആർഎസ്പി-3, ആർഎംപി-1, കേരള കോൺഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആർജെഡി-1 എന്നിങ്ങനെയാണ് എൽഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലാണ് വിജയിച്ചത്.
മാത്രമല്ല എൽഡിഎഫ് മന്ത്രിസഭയിലെ 13 മന്ത്രിമാണ് പരാജയപ്പെട്ടത്. പി രാജീവ്, എം ബി രാജേഷ്, വി ശിവൻകുട്ടി, വി എൻ വാസവൻ, ആർ ബിന്ദു, വീണാ ജോർജ്, ഒ ആർ കേളു, കെ ബി ഗണേഷ്‌കുമാർ, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, വി അബ്ദുറഹിമാൻ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്. പിണറായി വിജയൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ് എന്നിവർ മാത്രമാണ് മന്ത്രിമാരിൽ വിജയിച്ചത്.

















































