മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടിയും ബിഗ് ബോസ് താരവുമായ ബിന്നി സെബാസ്റ്റ്യന്‍. ഒരു ഉദ്ഘാടനത്തിന് ബിന്നി ധരിച്ച വസ്ത്രത്തെക്കുറിച്ച് മോശം രീതിയില്‍ കമന്റ് ചെയ്തയാളുടെ ഫോട്ടോയും പ്രൊഫൈലും പുറത്തു വിട്ടു കൊണ്ടായിരുന്നു പ്രതികരണം. ബിന്നിയുടെ പ്രതികരണം ഇങ്ങനെയാണ്: ഇത് ചില നെഗറ്റീവോളീസിന് മാത്രമാണുള്ളതാണ്.
കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. ഫുള്‍ ലെങ്ത് ഉള്ള സ്‌കേര്‍ട്ടും ക്രോപ്പ് ടോപ്പുമായിരുന്നു ധരിച്ചിരുന്നത്. സാരി മാത്രമാണ് സ്ത്രീകള്‍ ധരിക്കേണ്ടത്, അതും നിങ്ങള്‍ ചിന്തിച്ചു വച്ചിരിക്കുന്നത് പോലെ ധരിച്ചാല്‍ മാത്രമേ ഡ്രസ് ആവുകയുള്ളൂ, ബാക്കിയുള്ളവര്‍ക്ക് വസ്ത്ര സ്വാതന്ത്ര്യമൊന്നും ഇല്ല എന്ന ആശചയം മുറുകെ പിടിച്ച് ചാവാന്‍ നില്‍ക്കുന്ന കുറേ കമന്റോളീസുണ്ട്. അതില്‍ ഒരു ചേട്ടനാണിത്. ഈ ചേട്ടന്‍ കമന്റ് ചെയ്തിരിക്കുന്നത് സാരിയുടെ ഷോപ്പ് തുടങ്ങി അടിപ്പാവാട ഇട്ടാണോ നടക്കുന്നത്? എന്നാണ്. വിദ്യാഭ്യാസം കുറവാണെന്ന് തോന്നുന്നു. സാരമില്ല. ആശയം വളരെ വലുതാണല്ലോ. അടിപ്പാവാട ഇട്ടു നടന്നാല്‍ എന്താണ് കുഴപ്പം? അടിപ്പാവാട അത്രയ്ക്ക് മോശമാണോ ചേട്ടാ, ഇടാതെ നടക്കുന്നതല്ലേ മോശം, ഞങ്ങളൊക്കെ അങ്ങനെയാണ് പഠിച്ചത്. പിന്നെ അടിപ്പാവാട എന്താണ് മോഡേണ്‍ സ്‌കേര്‍ട്ട് എന്താണ് എന്നൊന്നും അറിയാത്തതും ഞാന്‍ വിട്ടു.
ആ അറിവില്ലായ്മ ഞാന്‍ ക്ഷമിച്ചു. പക്ഷെ എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ചേട്ടന്റെ ഭാര്യയറിഞ്ഞാല്‍ മോശമല്ലേ ചേട്ടാ. അതും രണ്ട് പെണ്‍കുട്ടികളുമുണ്ട്. അവര്‍ നാളെ വളര്‍ന്ന് വരേണ്ടതല്ലേ. അവരും ഈ പറയുന്ന സാധനങ്ങള്‍ ഇട്ട് നടക്കേണ്ടതാണ്. അവര്‍ വളര്‍ന്ന് വലുതാവുമ്പോഴേക്കും പത്ത് ഇരുപത്തഞ്ച് വര്‍ഷം ആവുമല്ലോ.
അപ്പോഴും ചേട്ടന്‍ പറയുമ്പോലെ സാരിയും ഉടുത്ത് ആ കുട്ടികള്‍ നടക്കണോ. പാവാട ഇടാന്‍ പാടില്ലെന്ന് പറയുന്നതൊക്കെ മോശമാണ്. ശരിക്കും അത് ഇടാതെ പോയാലാണ് പ്രശ്‌നം. പിന്നെ വേറൊരാളുടെ ഭാര്യയെ പറ്റിയും സ്ത്രീകളെ പറ്റിയും അവരുടെ അടിപ്പാവാടയെ പറ്റിയും അന്വേഷിക്കുന്നത് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേര്‍ന്ന പണിയാണോ? എന്നും ബിന്നി പറയുന്നു.

















































