ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷ സാഹചര്യം മൂർച്ഛിച്ചത്. വെടിനിർത്തൽ കരാർ ലംഘിച്ച അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, യുദ്ധത്തിന് സജ്ജമാണെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ ഇറാന്റെ ചരക്കുകപ്പലിന്റെ എൻജിൻ റൂം തകർത്ത യുഎസ് സൈന്യം കപ്പൽ കസ്റ്റഡിയിലെടുത്തു. കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി യുഎസ് പടക്കപ്പലുകൾ കടലിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടേത് വെിനിർത്തൽ കരാർ ലംഘനമാണെന്ന് ആരോപിച്ച ഇറാൻ, സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ്. ഇതിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കിയതായാണ് സൂചന. പുതിയ നിയമം നടപ്പിലായാൽ ഇസ്രായേൽ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിക്കും. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കും. ഇറാനെ ആക്രമിച്ച രാജ്യങ്ങളിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരുടെ കപ്പലുകൾ കടത്തിവിടില്ല.
സംഘർഷം ലഘൂകരിക്കാനായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ‘വിശ്വസ്തനായ മധ്യസ്ഥൻ’ ആയി പാകിസ്ഥാൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് പാകിസ്ഥാന്റെ നിലപാട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി ശക്തമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും ചരക്ക് ഗതാഗതം തടസ്സപ്പെടാനും ഇത് കാരണമാകും. യുദ്ധം പുനരാരംഭിച്ചാൽ അത് ആഗോള വിപണികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.














































