ഗുവാഹത്തി: 15 കാരൻ ചെക്കൻ 22 വാര പിച്ചിൽ കളംനിറഞ്ഞാടിയപ്പോൾ ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് പരാജയത്തിന്റെ കയിപ്പ്. 15കാരൻ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറെലിൻറെയും ബാറ്റിംഗ് വെടിക്കെട്ടിൻറെ കരുത്തിൽ പരാജയമറിയാതെ കുതിച്ച നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ആദ്യം ബാറ്റ് ചെയ്ത് ആർസിബിയ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വൈഭവ് 26 പന്തിൽ 78 റൺസടിച്ചപ്പോൾ 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെൽ രാജസ്ഥാൻറെ ടോപ് സ്കോററായി.
മത്സരത്തിൽ യശസ്വി ജയ്സ്വാൾ (13), ഷിമ്രോൺ ഹെറ്റ്മെയർ (0), ക്യാപ്റ്റൻ റിയാൻ പരാഗ് (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 24 റൺസുമായി രവീന്ദ്ര ജഡേജ വിജയത്തിൽ ജുറെലിന് കൂട്ടായി നിന്നു. ആർസിബിക്കായി ഹേസൽവുഡും ക്രുനാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ ജയത്തോടെ രാജസ്ഥാൻ നാലു കളികളിൽ 8 പോയൻറുമായി ഒന്നാം സ്ഥാനത്ത് ലീഡുയർത്തിയപ്പോൾ മൂന്ന് കളികളിൽ നാലു പോയൻറുമായി ആർസിബി മൂന്നാം സ്ഥാനത്ത് തുടരുന്നു. സ്കോർ ആർസിബി 20 ഓവറിൽ 201-8, രാജസ്ഥാൻ റോയൽസ് 18 ഓവറിൽ 202-4.
ആദ്യ ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാറിനെ രണ്ട് തകർപ്പൻ ഫോറുകളിലൂടെ നേരിട്ടാണ് വൈഭവ് വെടിക്കെട്ടിന് തിരികൊളുത്തിയത്. മറുവശത്ത് യശസ്വി ജയ്‌സ്വാൾ (13) ജോഷ് ഹേസൽവുഡിനെ രണ്ട് വട്ടം സിക്സറിന് പറത്തിയെങ്കിലും അധികം വൈകാതെ പുറത്തായി. എന്നാൽ പിന്നീട് കണ്ടത് വൈഭവ് സൂര്യവംശിയുടെ സംഹാര താണ്ഡവമായിരുന്നു. അഭിനന്ദൻ സിംഗിനെയും ജോഷ് ഹേസൽവുഡിനെയും ഭുവനേശ്വർ കുമാറിനെയും ഒരേപോലെ കടന്നാക്രമിച്ച വൈഭവ് വെറും 15 പന്തിൽ നിന്ന് തൻറെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.
വൈഭവിനൊപ്പം പവർപ്ലേയുടെ അവസാന ഓവറിൽ 24 റൺസടിച്ച് ധ്രുവ് ജുറെലും കത്തി കയറിയതോടെ പവർ പ്ലേ പിന്നിട്ടപ്പോൾ തന്നെ രാജസ്ഥാൻ 97 റൺസിലെത്തി. 26 പന്തിൽ 78 റൺസെടുത്താണ് ഓപ്പണർ വൈഭവ് സൂര്യവംശി പുറത്തായത്. 43 പന്തിൽ 81 റൺസെടുത്ത് ധ്രുവ് ജുറേൽ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് അടിച്ചെടുത്തിരുന്നു. ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ അർധ സെഞ്ച്വറിയാണ് ബെംഗളൂരുവിന് കരുത്തായത്. 40 പന്തിൽ നിന്ന് നാല് വീതം സിക്‌സും ബൗണ്ടറികളുമടക്കം 63 റൺസെടുത്ത ക്യാപ്റ്റൻ രജത് പാട്ടിദാറാണ് ആർസിബിയുടെ ടോപ് സ്‌കോറർ. അവസാന ഓവറിൽ വെങ്കിടേഷ് അയ്യരുടെ (29*) വെടിക്കെട്ടും ആർസിബി സ്കോർ 200 കടത്തി.
















































