ന്യൂഡൽഹി: രാംലീല മൈതാനത്ത് ഇന്നു സംഘടിപ്പിച്ച മഹാറാലി പരാജയമായിരുന്നുവെന്ന് ബിജെപി നേതാവ്. പത്ത് ലക്ഷം പേർ അണിനിരക്കുമെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. പക്ഷെ മൈതാനത്തിന്റെ 40% ഭാഗവും കാലിയായിരുന്നുവെന്ന് ബിജെപി നേതാവ് സാംബിത് പാത്ര പരിഹസിച്ചു. ആൾക്കൂട്ടത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങൾ ക്യാമറ ട്രിക്കാണ്. ട്രിക്കുകൾ കാണിച്ച് പ്രധാനമന്ത്രിയാവാൻ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അതുപോലെ 2024-ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദത്തിനെതിരേയും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെങ്കിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ എംപിമാരും നിയമവിരുദ്ധരാണ്. ഇതിനെതിരേ എന്തുകൊണ്ട് അവർ കോടതിയിൽ ഹർജി നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 2024-ലെ തിരഞ്ഞെടുപ്പ് സമയത്ത് ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നില്ലെന്നും, 2025-ലാണ് അദ്ദേഹം ചുമതലയേറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പിഎം’ എന്നാൽ വിയർപ്പും കഠിനാധ്വാനവുമാണെന്നും തന്ത്രങ്ങളിലൂടെ ആർക്കും നേതാവോ, പ്രധാനമന്ത്രിയോ ആകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മമത ബാനർജിയുടെയും രാഹുൽ ഗാന്ധിയുടെയും അവരുടെ സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാരാണ്. ഇന്ത്യയിൽ ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വോട്ടവകാശമുള്ളൂ. രാജ്യത്തേക്ക് അനധികൃതമായി കടന്നുകയറി വോട്ടർമാരായി ഭരണം നടത്താൻ അനുവദിക്കില്ല. രാജ്യത്തിനായി എന്തും ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലി പൂർണ്ണമായും സമയം പാഴാക്കലായിരുന്നു. ഏകദേശം 5,000 സിഖുകാർ കൊല്ലപ്പെട്ട ദിനത്തിലാണ് രാഹുൽ ഗാന്ധി രാംലീല മൈതാനത്ത് റാലി സംഘടിപ്പിച്ചത്. കലാപത്തെ അതിജീവിച്ചവരുടെ അഭ്യർത്ഥന മാനിക്കാതെ റാലി മാറ്റിവെക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും പാത്ര കുറ്റപ്പെടുത്തി. ഭരണഘടനയെയും ഇന്ത്യൻ ജനാധിപത്യത്തെയും തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. ജനാധിപത്യത്തിൽ ഒരു ചായക്കടക്കാരന് പ്രധാനമന്ത്രിയാകാനും സാധാരണക്കാരന് ആഭ്യന്തരമന്ത്രിയാകാനും സാധിക്കും. ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.