ബംഗളൂരു: കർണാടകയിൽ സഹപാഠികളുടെ മാനസിക പീഡനം മൂലം മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മല്ലാദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദിക് കോളേജ് അവസാന വർഷ ബി.എ.എം.എസ് വിദ്യാർഥിനിയായ നിഖിത(22)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകനുമായി പ്രണയത്തിലാണെന്ന് സഹപാഠികൾ പ്രചരിപ്പിച്ചതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്താലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
`കോളേജിലെ ലക്ചററായ ഡോ. രാജുവുമയി നിഖിതയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ചില സഹപാഠികൾ കോളേജിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു’ നിഖിതയുടെ പിതാവ് ഉമാശങ്കർ നൽകിയ പരാതിയിൽ പറയുന്നു. സഹപാഠികളുടെ നിരന്തരമായ പരിഹാസവും ഇത്തരം ആരോപണങ്ങളും നിഖിതയെ വല്ലാതെ തളർത്തിയിരുന്നു. ഇത് മകൾക്ക് വലിയ രീതിയിലുള്ള അപമാനവും വൈകാരിക പ്രയാസവും ഉണ്ടാക്കിയതായി പിതാവ് ആരോപിച്ചു. ഇത്തരം വാക്കുകൾ അവഗണിക്കണമെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മാതാപിതാക്കൾ നിഖിതയെ ഉപദേശിച്ചിരുന്നുവെങ്കിലും സഹപാഠികളുടെ പീഡനം തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിൽ മാനസികസമ്മർദം താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അതേ സമയം തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേര് വിവരങ്ങൾ ഉമാശങ്കർ പോലീസിൽ നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.














































