ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നേതാക്കളോടു നിർദേശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി വിട്ട ജി. സുധാകരനാണ് യു.ഡി.എഫ്. പിന്തുണയോടെ ഇവിടെ എതിർസ്ഥാനാർഥി. പാർട്ടിയിൽനിന്ന് വലിയതോതിൽ വോട്ടുപിടിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ നിലപാടു വ്യക്തമാക്കിയത്. സിറ്റിങ് എം.എൽ.എ. എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
മെന്ന് ഗോവിന്ദൻ പറഞ്ഞു. അതിനാൽ അതിജാഗ്രത വേണം. കേഡർ വോട്ടുകൾ ഒന്നുപോലും ചോരാൻ പാടില്ല. സുധാകരൻ എല്ലാവിധ വർഗീയശക്തികളുമായും ചർച്ച നടത്തിയിട്ടുണ്ട്. തീവ്ര ആശയമുള്ളവരുമായാണു ചർച്ച. അദ്ദേഹത്തിന്റെ വർഗീയരാഷ്ട്രീയം വോട്ടർമാർക്കിടയിൽ തുറന്നുകാട്ടണം -യോഗത്തിൽ ഗോവിന്ദൻ നിർദേശിച്ചു.
ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലെയും പ്രചാരണ പുരോഗതി വിലയിരുത്തി. ചില മണ്ഡലങ്ങളിൽ അനായാസ വിജയമുണ്ടാകുമെന്ന് വിലയിരുത്തിയെങ്കിലും ഒട്ടും അലസത പാടില്ലെന്നു നിർദേശമുണ്ടായി. പാർട്ടിക്കും മുന്നണിക്കും അനുകൂലമാകുന്ന ഒരു വോട്ടും ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടാകരുത്.
സുധാകരന്റെ ഓരോ ആരോപണത്തിനും മറുപടി പറയേണ്ടതില്ലെന്ന മുൻ തീരുമാനം ഗോവിന്ദൻ ആവർത്തിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയപാപ്പരത്തവും അവസരവാദവും തുറന്നുകാട്ടണം. രക്തസാക്ഷിയായ സ്വന്തം സഹോദരൻ ജി. ഭുവനേശ്വരനെപ്പോലും സീറ്റിനുവേണ്ടി തള്ളിപ്പറഞ്ഞത് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഭുവനേശ്വരനെ കൊലപ്പെടുത്തിയവർക്കൊപ്പമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൂട്ടെന്നും പ്രചാരണം നടത്തും. എല്ലാ മണ്ഡലങ്ങളിലും ജയിക്കുന്ന സാഹചര്യമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സുധാകരനിപ്പോൾ യു.ഡി.എഫിലാണെന്നും അദ്ദേഹത്തിന്റെ പൂർവകാല ചരിത്രവുമായി വർത്തമാനകാലത്തിനു ബന്ധമില്ലെന്നും ഗോവിന്ദൻ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസിന്റെ തൊപ്പിയണിഞ്ഞിരിക്കുന്നതു കണ്ടു. ബി.ജെ.പി.യുടെ തൊപ്പിയുംകൂടെ വെച്ചോട്ടെ -അദ്ദേഹം പരിഹസിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം കൂടാതെ അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം മണ്ഡലം കമ്മിറ്റികളുടെ യോഗത്തിലും ഗോവിന്ദൻ പങ്കെടുത്തു.


















































