ടെഹ്‌റാൻ: യുഎസിനും ഇറാനും ഇടയിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ ലഘൂകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടും, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വീണ്ടും അമേരിക്കയ്ക്ക താക്കീതുമായി രംഗത്തെത്തി. ഇറാന് നേരെ യുഎസ് ഒരു ചെറു ആക്രമണം പോലും നടത്താൻ തുനിഞ്ഞാൽ അത് ഒരു പ്രാദേശിക യുദ്ധമായി മാറുമെന്നാണ് ആയത്തുള്ള അലി ഖമേനി നൽകിയ മുന്നറിയിപ്പ്.
“അമേരിക്കക്കാർ ഒരു യുദ്ധം തുടങ്ങിയാൽ അത് ഒരു പ്രാദേശിക യുദ്ധമായിരിക്കുമെന്ന് അവർ അറിയണം,” പരമോന്നത നേതാവിന്റെ ഓഫീസിന്റെ ഭാഗമായ ടെഹ്‌റാനിലെ ഇമാം ഖൊമേനി ഹുസൈനിയയിൽ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖമേനി പറഞ്ഞു. “ഞങ്ങൾ യുദ്ധത്തിന്റെ തുടക്കക്കാരല്ല. ഞങ്ങൾ ആരെയും അടിച്ചമർത്താൻ ശ്രമിക്കുന്നില്ല. ഒരു രാജ്യത്തെയും ആക്രമിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുമില്ല. എന്നിരുന്നാലും, ആക്രമിക്കാനോ ഉപദ്രവിക്കാനോ ശ്രമിക്കുന്ന ആർക്കും ഇറാനിയൻ രാഷ്ട്രത്തിൽ നിന്ന് നിർണായകമായ തിരിച്ചടി നേരിടേണ്ടിവരും,” ഖമേനി പറഞ്ഞു.
സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയുള്ള ഖമേനിയുടെ ഇത്തരം പ്രസ്താനകളോട് യുഎസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
















































