വോട്ടർമാരെ സ്വാധീനിക്കാൻ മണ്ഡലത്തിനു പുറത്തുനിന്ന് എൽഡിഎഫ് ആൾക്കാരെ ഇറക്കി? ചുങ്കത്തറ, കുറുമ്പലങ്ങോട് ബൂത്തുകളിൽ സംഘർഷം, മൂന്ന് എൽഡിഎഫ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ
നിലമ്പൂർ: നിലമ്പൂർ വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം പിന്നീട് ഉന്തും തള്ളിലേക്കും നീങ്ങി. പോലീസ് ഇടപ്പെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പോ ലീസ് കസ്റ്റഡിയിലെടുത്ത് പോത്തുകല്ല് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്നു മണി വരെ 59.68% പോളിങ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴയ്ക്കു ശമനമായതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തിക്കൊണ്ടിരിക്കുകയാണ്. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കു കൂട്ടലിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.