തിരുവനന്തപുരം: മുസ്‌ലിം വർഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലെത്തിയതെന്നു പറഞ്ഞ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല. അത് ഹിന്ദു വർഗീയവാദികളായാലും മുസ്‍ലിം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ റാലിയുടെ മുന്നിലും പിന്നിലുമെല്ലാം ന്യൂനപക്ഷ വർഗീയതയുടെ ഏറ്റവും മോശപ്പെട്ട തീവ്രവാദ ഘടകങ്ങൾ അണിനിരന്നതു കണ്ടതാണെന്നു സിപിഎം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വിജയരാഘവൻ പറഞ്ഞിരുന്നു. സിപിഎമ്മിനെയും പിണറായി സർക്കാരിനെയും തകർക്കാൻ യുഡിഎഫിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ബിജെപിയും മാധ്യമങ്ങളും ഒന്നിച്ച് അണിനിരക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.