കൊല്ലം: വയോധികൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്കെതിരേ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. കാറോടിച്ച കടത്തൂർ സ്വദേശി ഷാജഹാനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് ഷാജഹാൻ ഓടിച്ച കാറിടിച്ച് ഭിക്ഷാടകനായ വയോധികൻ മരിച്ചത്. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയ പ്രതി, കാറിനടിയിൽ കുരുങ്ങിയ വയോധികനെ രണ്ടുകിലോമീറ്ററോളം വലിച്ചിഴച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ വയോധികനെ ഇടറോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കരുനാഗപ്പള്ളി വവ്വക്കാവിലായിരുന്നു സംഭവം. ദേശീയപാതയിൽവെച്ചാണ് ഷാജഹാന്റെ കാർ വയോധികനെ ഇടിച്ചിട്ടത്. അപകടമുണ്ടായിട്ടും വാഹനം നിർത്താൻ ഇയാൾ തയ്യാറായില്ല. ഇതിനിടെ വയോധികൻ കാറിനടിയിൽ കുരുങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും വാഹനം നിർത്താതെ രണ്ടുകിലോമീറ്ററോളം സഞ്ചരിച്ച ഷാജഹാൻ പിന്നീട് ഒരു ഇടറോഡിൽവെച്ച് വയോധികനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. അതേസമയം, മരിച്ച വയോധികനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.