BREAKING NEWS

മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ക്യാബിനറ്റ് പദവി ലഭിക്കാത്തതില്‍ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ട് അതൃപ്തി അറിയിച്ച് പാല എംഎല്‍എ മാണി സി കാപ്പന്‍. മറ്റ് ഘടകകക്ഷികള്‍ക്ക് പദവി ലഭിച്ചപ്പോള്‍ തന്നെ പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം. മുസ്‌ലിം ലീഗ്, ഫോര്‍വേഡ് ബ്ലോക്ക് എന്നിവയ്ക്ക് കാബിനറ്റ് പദവി ലഭിച്ചപ്പോള്‍ തന്നെ മറന്നുവെന്നാണ് മാണി സി കാപ്പന്റെ പരിഭവം.

ഘടകകക്ഷികളോട് തുല്യ സമീപനം വേണമെന്നും വേര്‍തിരിവ് കാട്ടരുതെന്നും മാണി സി കാപ്പന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പാണ് മാണി സി കാപ്പന്‍ മുഖ്യമന്ത്രിയെ കണ്ടത്. കാബിനറ്റ് പദവിയോടെ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പദവിയാണ് മാണി സി കാപ്പന്‍ ആവശ്യപ്പെടുന്നത്. ഒരു എംഎല്‍എ മാത്രമുള്ള സിഎംപിക്കും കേരള കോണ്‍ഗ്രസ് ജേക്കബിനും മന്ത്രി സ്ഥാനം നല്‍കി.

ഫോര്‍വേഡ് ബ്ലോക്കിന് (ജി ദേവരാജന്‍) കാബിനറ്റ് പദവിയും നല്‍കി. എന്നാല്‍ പാലായില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ച തനിക്ക് പദവിയൊന്നുമില്ല. എല്‍ഡിഎഫില്‍ നിന്ന് എത്തിയ താന്‍ അവിടുത്തെ പ്രധാന ഘടകകക്ഷിയിലെ നേതാവിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു അത്. എന്നാല്‍ തനിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മാണി സി കാപ്പനെതിരെ മുംബൈ കോടതിയില്‍ നിന്നുള്ള ഉത്തരവ് കാരണമാണ് കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കാത്തത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം മേല്‍ക്കോടതി തനിക്ക് അനുകൂലമായ വിധി പറഞ്ഞിരുന്നുവെന്നും കാബിനറ്റ് പദവിക്ക് അര്‍ഹതയുണ്ടെന്നുമാണ് മാണി സി കാപ്പന്റെ വാദം.