പുതുച്ചേരി: മുംബൈയിൽ നിന്ന് പുതുച്ചേരി സന്ദർശിക്കാനെത്തിയ പതിനാറുകാരിയെ ഓട്ടോ ഡ്രൈവറും ആറ് വിനോദസഞ്ചാരികളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി. അമ്മയുമായി വഴക്കിട്ട പെൺകുട്ടി ബന്ധുവീട്ടിൽ നിന്ന് രാത്രി ഇറങ്ങിപ്പോവുകയായിരുന്നു. ഓട്ടോയിൽ കയറിയ പെൺകുട്ടിയെ ആദ്യം ഓട്ടോ ഡ്രൈവറും പിന്നീട് വിനോദ സഞ്ചാരികളും പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിൽ ഓട്ടോ ഡ്രൈവറെയും മൂന്ന് വിനോദ സഞ്ചാരികളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ നടക്കുന്നതായി പോലീസ് അറിയിച്ചു. പെൺകുട്ടി രണ്ട് ദിവസത്തോളം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും പോലീസ്.
തിങ്കളാഴ്ചയാണ് വില്ലുപുരം ജില്ലയിലെ കോട്ടക്കുപ്പത്തെ ഓട്ടോ ഡ്രൈവർ കാജാ മൊഹിദീനെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ വിനോദ സഞ്ചാരികളെല്ലാം ചെന്നൈയിൽ നിന്നുള്ള ടെക്കികളാണ്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
ഒക്ടോബർ 30ന് രാത്രി ഒമ്പത് മണിയോടെ അമ്മയുമായി വഴക്കിട്ട ശേഷം പെൺകുട്ടി പുതുച്ചേരിയിലെ ബന്ധുവീട്ടിൽ നിന്ന് ഇറങ്ങി മൊഹിദീൻ്റെ ഓട്ടോയിൽ കയറിയതായി ഗ്രാൻഡ് ബസാർ പോലീസ് ഇൻസ്‌പെക്ടർ എ. ജയശങ്കർ പറഞ്ഞു. തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൊണ്ടുപോകാൻ യുവതി ആവശ്യപ്പെട്ടെങ്കിലും കോട്ടക്കുപ്പത്തെ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ, ഇയാൾ പെൺകുട്ടിയെ ഓറോവില്ലിൽ ഇറക്കി.
തുടർന്ന് ചെന്നൈയിലെ വിനോദസഞ്ചാരികൾ അവളെ സെറിനിറ്റി ബീച്ചിൽ കാണുകയും അവളുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ചെന്നൈയിലുള്ള ഒരു സുഹൃത്തിനെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് പെൺകുട്ടിയെ ഓഫീസ് നൽകിയ മുറിയിൽ വച്ച് മദ്യം നൽകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് പോലീസ്.
തുടർന്ന് നവംബർ രണ്ടിന് ഇവർ പെൺകുട്ടിയെ ഒരു കാബിൽ പുതുച്ചേരിയിലെ ബീച്ച് റോഡിൽ ഇറക്കിവിട്ടു. പെൺകുട്ടിയെ കാണാതായെന്ന അമ്മയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഗ്രാൻഡ് ബസാർ പൊലീസ് ബീച്ച് റോഡിൽ കറങ്ങിനടക്കുന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
“കണ്ടെത്തുമ്പോൾ ദുർബലയായിരുന്നു, ഒന്നും വിശദീകരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ജിപ്‌മറിൽ പ്രവേശിപ്പിച്ച 16 കാരി സുഖം പ്രാപിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി സംഘം പ്രാഥമിക അന്വേഷണം നടത്തി. പെൺകുട്ടിയിപ്പോൾ വ്യക്തിത്വ വൈകല്യത്തിന് ചികിത്സയിലാണ്, ”ജയശങ്കർ പറഞ്ഞു.
തൻ്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു ഗസ്റ്റ് ഹൗസിൽ വച്ച് മൊഹിദീൻ അവളെ ആക്രമിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ഇൻസ്പെക്ടർ പറഞ്ഞു. പ്രതികൾക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷൻ 6, ബിഎൻഎസ് സെക്ഷൻ 137 പ്രകാരം പോലീസ് കേസെടുത്തു. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് വിനോദസഞ്ചാരികളെ തിരിച്ചറിഞ്ഞത്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരാളെയും ഒഡീഷയിൽ നിന്ന് രണ്ട് പേരെയും അറസ്റ്റ് ചെയ്ത സംഘം മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ ആരംഭിച്ചു. കേസിൽ എല്ലാവരെയും പിടിയിലാകുന്നതുവരെ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് തീരുമാനിച്ചതായി പോലീസ് അറിയിച്ചു.
.
.