കോട്ടയം: തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകന്റെ പരാതി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പരാതിയയച്ചത്.
പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് കണ്ണൻ പായിപ്പാട് അയച്ച പരാതിയിലുള്ളത്. മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചെന്നും, പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നുമാണ് പരാതിയിലുള്ളത്.
കഴിഞ്ഞ ദിവം ഹരിപ്പാട് ക്ഷേത്രദർശനം കഴിഞ്ഞ് ഒദ്യോഗിക വാഹനം എത്താൻ വൈകിയതിന് അഞ്ച് മിനിറ്റ് കാത്തുനിന്ന് ശേഷം ഓട്ടോ വിളിച്ച് യാത്ര ചെയ്ത സംഭവം ഉണ്ടായിരുന്നു..
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയിൽ അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നു.
അഞ്ച് മിനിറ്റിനു ശേഷം സുരേഷ് ഗോപി അവിടെ ഉണ്ടായിരുന്ന ഓട്ടോയിൽ കയറി കുമരകത്തുപോകാൻ ആവശ്യപ്പെട്ടു. ഇതോടെ ഓട്ടോക്കാരൻ പരുങ്ങലിലായി. എന്തായാലും യാത്ര ആരംഭിച്ചു. രണ്ടുകിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗൺമാൻ ഉൾപ്പെടെയുള്ളവർ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്.
പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തിൽ കുമരകത്തേക്ക് പോവുകയായിരുന്നു. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.
.
.