ബെയ്‌റൂട്ട്: അഞ്ച് ഇസ്രയേല്‍ ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേല്‍, ക്രയോട് തുടങ്ങിയ സ്ഥലങ്ങളിലാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. 80 പ്രൊജക്ടൈലുകള്‍ ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഹിസ്ബുള്ള വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഹിസ്ബുള്ളയുടെ തിരിച്ചടി.
അതേസമയം ഇറാനിലെ ഇസ്രയേലിന്റെ അക്രമത്തില്‍ ഇന്ത്യ ആശങ്കയറിയിച്ചു. സംയമനം പാലിച്ച് നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ പ്രതിരോധത്തിന് ഒരു തരത്തിലുമുള്ള പരിധി ഇറാനുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി അറിയിച്ചു.
തങ്ങളുടെ അഞ്ചാം തലമുറ എഫ് -35 ഫൈറ്റര്‍ ജെറ്റുകളും, എഫ്-15ക റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും, എ16ക സുഫ എയര്‍ ഡിഫന്‍സ് ജെറ്റുകളുമാണ് ഇറാന്‍ ആക്രമണത്തിനായി ഇസ്രയേല്‍ വിന്യസിച്ചത്. റാംപേജ് ലോങ്ങ് റേഞ്ച് മിസൈലുകളും, ‘റോക്ക്‌സ്’ എന്ന് പേരുള്ള പുതുതലമുറ മിസൈലുകളും ഇസ്രയേല്‍ തയ്യാറാക്കി നിര്‍ത്തി.
ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ചിരുന്ന 20 ക്യാമ്പുകളായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ആദ്യ ആക്രമണം തന്നെ ഇറാന്റെ റഡാര്‍ ആന്‍ഡ് എയര്‍ ഡിഫന്‍സ് സൗകര്യങ്ങളിലായിരുന്നു. ഇതോടെ ഇറാന്റെ സൈനിക ബേസുകളില്‍ ആക്രമണം നടത്താന്‍ ഇസ്രയേലിന് ധൈര്യമായി. പിന്നീടാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന സ്ഥലത്ത് ഇസ്രയേല്‍ ആക്രമണം നടത്തിയത്.