കോഴിക്കോട്: മനാഫിനെതിരേ പരാതി എഴുതിത്തന്നാല്‍ അഞ്ച് മിനിറ്റ് കൊണ്ട് ഇവിടെനിന്ന് തുരത്താമെന്ന് കര്‍വാര്‍ എം.എല്‍.എ.യും എസ്.പി.യും പറഞ്ഞിരുന്നതായി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്. അര്‍ജുനെ കിട്ടുമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ച് മനാഫിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി നിരന്തരമായി മനോവീര്യം കെടുത്തുന്ന നടപടികള്‍ കൈക്കൊണ്ടെന്നും ജിതിന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
‘അര്‍ജുനുവേണ്ടിയുള്ള മൂന്നാംഘട്ട തിരച്ചിലില്‍ കര്‍ണാടകയിലെ സംവിധാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നതാണ് നാം കണ്ടത്. അതിനാല്‍ അവിടത്തെ സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുക എന്നതല്ലാതെ മുന്നില്‍ മറ്റൊരു ഒപ്ഷനുണ്ടായിരുന്നില്ല. അവരോടൊപ്പം അര്‍ജുന്റെ കുടുംബം യോജിച്ചുനിന്നു. അര്‍ജുന്റെ ലോറി കിടക്കുന്ന ഇടം അവര്‍ അറിയിച്ചിരുന്നു. അത് പക്ഷേ, മാധ്യമങ്ങളോട് പറയരുതെന്ന് അവര്‍ വിലക്കുകയും ചെയ്തു’- ജിതിന് വിശദീകരിച്ചു.
ആ സമയത്താണ് മനാഫ് ഉള്‍പ്പെടെയുള്ള ആക്ഷന്‍ കമ്മിറ്റിക്കാര് ഒരുകോടി രൂപയുടെ ഈ ഡ്രെജ്ജർ കൊണ്ട് കാര്യമില്ലെന്നും മറ്റൊരു ഡ്രെജ്ജർ കൊണ്ടുവരണമെന്നും പറഞ്ഞ് രംഗത്തെത്തിയത്. എം.കെ. രാഘവന് എം.പി. ഉള്‍പ്പെടെ ഇടപെട്ട് പ്രതികൂല കാലാവസ്ഥയെല്ലാം തരണം ചെയ്താണ് ഡ്രെജ്ജർ അവിടെയെത്തിച്ചത്. അതിനാല്‍ ആക്ഷന്‍ കമ്മിറ്റി പറയുന്നത് ഉള്‍ക്കൊള്ളാനായിരുന്നില്ല. അതിനെ തകര്‍ക്കാനാണ് മനാഫും സംഘവും ശ്രമിച്ചത്.
‘നിങ്ങള്‍ മനാഫിനെതിരേ ഒരു പരാതി എഴുതിത്തരൂ.. അദ്ദേഹം ഇതിനെയെല്ലാം വഴിതിരിച്ചുവിടുന്നുണ്ട്’ എന്നായിരുന്നു ഡ്രെജ്ജർ വന്ന അന്ന് കര്‍വാറിലെ എസ്.പി.യും എം.എല്‍.എ.യും പറഞ്ഞത്. അഞ്ചുമിനിറ്റുകൊണ്ട് മനാഫിനെ ഇവിടെനിന്ന് തുരത്താം എന്നും അവര്‍ പറഞ്ഞു. പക്ഷേ, ആ ഘട്ടത്തില്‍ ഞങ്ങള്‍ അത് ചെയ്തില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും ഞങ്ങള്‍ അങ്ങനെ ഒരു കാര്യം ഒരിക്കലും ചെയ്യില്ലെന്നും ജിതിന് പറഞ്ഞു.