നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ തുറന്ന പോരിന് ഇറങ്ങിയ പി വി അൻവർ എംഎൽഎയുടെ പാർക്കിനെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്. കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി വി ആര് നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.
കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ വിളിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു. തടയണ പൊളിക്കാൻ എട്ട് മാസം മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.
അതിനിടെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്ക് മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം ആര് അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി വി അന്‍വര്‍ നേരത്തെ ആരോപിച്ചത്.
cpm kakkadampoyil p v anvar park KERALA POLITICS NILAMBUR MLA PV ANWAR MLA TRENDING KERALA NEWS