വിഡ്ഢികളെ മാത്രമേ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാനാകൂ- അതിജീവിത

അമ്മയുടെ വാർഷികയോഗത്തിൽ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്ത സാഹചര്യത്തിൽ കുറിപ്പുമായി അതിജീവിത. വിഡ്ഢികളെ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്ന് ഇവർ കുറിച്ചു.

അതിജീവിതയുടെ പിതാവ് കഴിഞ്ഞ ദിവസം താരസംഘടനയ്ക്കെതിരേ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. തെറ്റു ചെയ്തിട്ടില്ല എങ്കിൽ വിജയ് ബാബു എന്തിന് പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതെന്ന് അദ്ദേഹം ചോദിക്കുന്നു. താരസംഘടനയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയ് ബാബുവിനെതിരേ തത്കാലം നടപടികളെടുക്കുന്നില്ലെന്നും പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് കാത്തിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

വിജയ് ബാബു യോഗത്തിൽ പങ്കെടുത്തിരുന്നു. വിജയ് ബാബു മറ്റുപല ക്ലബ്ബുകളിലും അംഗമാണെന്നും കേസിന്റെ പേരിൽ അവിടെനിന്നെല്ലാം പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് വിധിവന്നശേഷം സംഘടനാപരമായ തീരുമാനം എടുക്കുമെന്നാണ് യോഗതീരുമാനമെന്നും ഇടവേള ബാബു പറഞ്ഞു.

പ്രതിയായപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റിയിൽനിന്നു മാറിനിൽക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. സംഘടനാംഗം എന്ന നിലയിലാണ് ഞായറാഴ്ച പങ്കെടുത്തത്. വിഷയത്തിൽ ‘അമ്മ’യിലെ ആഭ്യന്തര പരാതിപരിഹാര സെല്ലിൽനിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചു. ‘അമ്മ’യിലെ ആഭ്യന്തര പരാതിപരിഹാര സെൽ ഇനിയുണ്ടാകില്ല. പകരം സിനിമയ്ക്കുമൊത്തമായി ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വരുന്ന കമ്മിറ്റിയിൽ ‘അമ്മ’യുടെ പ്രതിനിധികളും അംഗമായിരിക്കും – ഇടവേള ബാബു പറഞ്ഞു. വിജയ് ബാബു മാറിനിൽക്കണമെന്നായിരുന്നു ആഭ്യന്തര പരാതിപരിഹാര സമിതിയുടെ നിർദേശമെന്നും ഇക്കാര്യം ‘അമ്മ’ ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറയാതിരുന്നതുകൊണ്ടാണ് സമിതിയിൽനിന്ന് രാജിവെച്ചതെന്നും അംഗമായിരുന്ന നടി ശ്വേതാ മേനോൻ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7