ന്യൂഡല്‍ഹി: ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് കണ്ടെത്തല്‍. കൊലപാതകം ലക്ഷ്യമിട്ട് പ്രതികള്‍ക്ക് നേരെ പോലീസ് ബോധപൂര്‍വം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ വധിച്ച പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
2019 നവംബറില്‍ വെറ്ററിനറി ഡോക്ടറെ കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളാണ് കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിലിരിക്കെയായിരുന്നു 2019 ഡിസംബറില്‍ പ്രതികള്‍ കൊല്ലപ്പെട്ടത്. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരായിരുന്നു.
കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാല്‍ വെടിവെയ്ക്കുകയായിരുന്നുവെന്നായിരുന്നു പോലീസ് നല്കിയ വിശദീകരണം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് സമിതിയുടെ കണ്ടെത്തലുകള്‍.
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബര്‍ 12-നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജി വി.എസ് സിര്‍പുര്‍കര്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ ബല്‍ദോത്ത, സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര് കാര്ത്തികേയന് എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്.
അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. തുടര്‍ നടപടികള്‍ക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി.
വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി; മറ്റൊരു രാജ്യത്തേക്ക് കടന്നതായി സംശയം