സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ;ഒന്നിനും ക്ഷാമമുണ്ടാകാതിരിക്കാന് നടിപടി

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയായിരുന്നു പ്രധാനമന്ത്രി. പല സംസ്ഥാനങ്ങളിലും കോവിഡ് ഡബിള്‍ മ്യൂട്ടേഷനും ട്രിപ്പിള്‍ മ്യൂട്ടേഷനും ഒരേസമയം ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മഹാമാരിക്കെതിരെ കൂട്ടായ ശക്തിയോടെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

‘കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം നമ്മുടെ ഐക്യശ്രമങ്ങളും ഐക്യ തന്ത്രവുമാണ്. നിലവിലെ വെല്ലുവിളിയെ അതേ രീതിയില്‍ തന്നെ നേരിടേണ്ടി വരും’ മോദി പറഞ്ഞു.

ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ചാണ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ മുഖ്യമായും പരാതി ഉന്നയിച്ചത്. ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കാന്‍ നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വ്യാവസായിക ഓക്‌സിജനും അടിയന്തര ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിട്ടതായും പ്രധാനമന്ത്രി വ്യക്തമാക്കി.

മരുന്നുകളും ഓക്‌സിജനുമായി ബന്ധപ്പെട്ട ആവശ്യകതകളും നിറവേറ്റുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കാനും പരസ്പരം ഏകോപിപ്പിക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഓക്‌സിജന്റെയും മരുന്നുകളുടെയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും പരിശോധിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഏതെങ്കിലും സംസ്ഥാനത്തിന് വേണ്ടിയുള്ള ഓക്‌സിജന്‍ ടാങ്കര്‍ തടസ്സപ്പെടുത്തുകയോ കുടുങ്ങുകയോ ചെയ്യാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഉറപ്പാക്കണം. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ഉന്നതതല ഏകോപന സമിതി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രത്തില്‍ നിന്ന് ഓക്‌സിജന്‍ അനുവദിച്ചാലുടന്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്‌സിജന്‍ എത്തിക്കാന്‍ കഴിയുമെന്ന് ഈ ഏകോപന സമിതി ഉറപ്പാക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം 15 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കി. 45 വയസിന് മുകളിലുള്ളവര്‍ക്കും കോവിഡ് പോരാളികള്‍ക്കും നിലവില്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ അതേ രീതിയില്‍ തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7