ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഐപിഎലിൽ നിന്ന് പിന്മാറി. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ഹേസൽവുഡ് ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് സീസണിൽ നിന്ന് പിന്മാറുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്ന് ഹേസൽവുഡ് പറയുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്താൻ തയ്യാറെടുക്കുന്ന ചെന്നൈക്ക് ഹേസൽവുഡിൻ്റെ പിന്മാറ്റം കനത്ത തിരിച്ചടിയാകും
പല സമയങ്ങളിലായി ബയോ ബബിളുകളിലും ക്വാറൻ്റീനിലുമായിരുന്നു ജീവിതം. ആകെ 10 മാസമായി. അതുകൊണ്ട് വരുന്ന രണ്ട് മാസം ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുത്ത് ഓസ്ട്രേലിയയിലെ വീട്ടിൽ ചെലവഴിക്കാൻ തീരുമാനിക്കുകയാണ്. ദീർഘമായ വിൻ്റർ സീസണാണ് വരാനുള്ളത്. വെസ്റ്റ് ഇൻഡീസ് പര്യടനം നീണ്ട കാലയളവിലേക്കാണ്. ബംഗ്ലാദേശ് ടി-20 പര്യടനം അതിൻ്റെ അവസാനമുണ്ടാവും. പിന്നീട് ടി-20 ലോകകപ്പും ആഷസും. നീണ്ട 12 മാസമാണ് വരാനുള്ളത്. ഓസ്ട്രേലിയക്കായി മാനസികമായും ശാരീരികമായും മികച്ചുനിൽക്കാൻ ഞാൻ അഗ്രഹിക്കുന്നു. അങ്ങനെയാണ് ഈ തീരുമാനം എടുത്തത്.”- ഹേസൽവുഡ് പറഞ്ഞു
ഹേസൽവുഡ് പിന്മാറിയെങ്കിലും ലുങ്കി എങ്കിഡി, ശർദ്ദുൽ താക്കൂർ, സാം കറൻ, ഡ്വെയിൻ ബ്രാവോ, ദീപക് ചഹാർ എന്നിങ്ങനെ മികച്ച പേസ് ബൗളിംഗ് ഓപ്ഷനുകൾ ചെന്നൈക്ക് ഉണ്ട്. ഏപ്രിൽ 10ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.