ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാത നിര്‍മ്മാണ, നവീകരണ രംഗങ്ങളെ അത്യാധുനികവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഇതിലേക്കുള്ള ആദ്യ ചുവടെന്ന നിലയില്‍ പ്രമുഖ സ്ഥാപനങ്ങളുമായി കേന്ദ്രം ധാരണയുണ്ടാക്കി.
ഐ.ഐ.ടികളുമായും ബനാറസ് ഹിന്ദു സര്‍വകലാശാല ഗവേഷണ വിഭാഗവുമായിട്ടാണ് റോഡ് നിര്‍മാണ, നവീകരണ പ്രക്രിയകളെ അത്യാധുനികമാക്കാന്‍ കേന്ദ്ര റോഡ്-ഗതാഗത-ദേശീയപാത വകുപ്പ് ധാരണയിലെത്തിയത്. കേന്ദ്രമന്ത്രി വി.കെ.സിംഗും സര്‍വ്വകലാശാല അധികൃതരും ധാരണാ പത്രം കൈമാറി.
ദേശീയ പാതകളും സമാന്തര പാതകളും കാലത്തിന് അനുസരിച്ച് വികസിപ്പിക്കണം. അതോടൊപ്പം പരമാവധി പ്രകൃതി സംരക്ഷണവും ഉറപ്പുവരുത്തണം. പ്രകൃതിവിഭവങ്ങളുടെ ചൂഷണം കുറച്ച് വികസനക്കുതിപ്പ് സാധ്യമാക്കാന്‍ ഗവേഷണ സ്ഥാപനങ്ങളുടെ സഹായം അത്യന്താപേക്ഷിതമെന്ന് വി.കെ.സിംഗ് പറഞ്ഞു.
രാജ്യത്തെല്ലായിടത്തും ഏറ്റവും മികച്ച റോഡുകളാണ് പൂര്‍ത്തീകരിക്കുന്നത്. സംസ്ഥാനപാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയാണ്. ദേശീയപാതകളെ പരമാവധി പ്രദേശത്തേക്ക് നീട്ടുന്നതായും വി.കെ.സിംഗ് കൂട്ടിച്ചേര്‍ത്തു.