തിരുവനന്തപുരം: താൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതായിരിക്കും ഏറ്റവും സന്തോഷമുള്ള കാര്യമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എന്നാൽ മത്സരിച്ചേ മതിയാകൂ എന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കേണ്ടിവരും.
തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍, പ്രചാരണം എന്നിവയ്ക്കായി കുറച്ചുപേര്‍ മാറിനില്‍ക്കണം. പാര്‍ട്ടി ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ശോഭാ സുരേന്ദ്രന്‍ വിഷയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ മാളത്തിലൊളിച്ചവരാണ് യുഡിഎഫ്. ഒരു സമരവും ചെയ്തിട്ടില്ല. അമ്പതിനായിരത്തോളം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരിലാണ് കേസ്.
ശബരിമലക്കാലത്ത് വിശ്വാസികള്‍ നെഞ്ചുപൊട്ടി കരഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവരാണ് യുഡിഎഫെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മന്‍ ചാണ്ടി ഓടിയെന്നും സുരേന്ദ്രൻ പരിഹസിച്ചു.