മുംബൈ : മഹാരാഷ്ട്രയില്‍ പോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
“12 കുട്ടികള്‍ക്ക് യവത്മാലില്‍ പോളിയോ വാക്സിനുപകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കർ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്,” യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പഞ്ചാലിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിസായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.