കെഎസ്ആര്‍ടിസിയിലെ ക്രമക്കേടിന്റെ രേഖകള്‍ പുറത്ത്. 2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖകളിലുള്ളത്. കെടിഡിഎഫ്‌സിക്ക് തിരിച്ചടയ്ക്കാന്‍ നല്‍കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്. 311.98 കോടി രൂപയ്ക്ക് കണക്കില്ലെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്.
2018 ല്‍ സ്വകാര്യ ഓഡിറ്റിംഗ് ഏജന്‍സിയെക്കൊണ്ട് നടത്തിയ ഓഡിറ്റിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെടിഡിഎഫ്‌സിയില്‍ നിന്നും എടുത്ത തുക തിരിച്ചടച്ചതില്‍ 311.98 കോടി രൂപയ്ക്ക് കണക്കില്ലെന്ന് രേഖയില്‍ പറയുന്നു. കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 100 കോടിരൂപയുടെ തിരിമറിയും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസി സിഎംഡി പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് രേഖകളിലുള്ളതും.
അതിനിടെ, കെഎസ്ആര്‍ടിസി ജീവനക്കാരെ ആക്ഷേപിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി സിഎംഡി ബിജു പ്രഭാകര്‍ രംഗത്ത് എത്തി. കെഎസ്ആര്‍ടിസി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ല. ജീവനക്കാര്‍ തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും ജീവനക്കാരോട് ഫേസ്ബുക്കിലൂടെ സംസാരിക്കുകയായിരുന്നു സിഎംഡി ബിജു പ്രഭാകര്‍.
അധിക്ഷേപിച്ചതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്‍ക്കാണ്. ജീവനക്കാരെ ആക്ഷേപിച്ചിട്ടില്ല. ചീഫ് ഓഫീസിലിരിക്കുന്ന അഞ്ച് ആറ് കഴിവുകെട്ട ഉദ്യോഗസ്ഥരെ മാറ്റിയാല്‍ ഈ സംവിധാനം നന്നായി പോകും. സാമൂഹ്യനീതി നടപ്പാക്കാനുള്ള ഒരു ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്ഷേപിക്കുന്നത് എങ്ങനെയാണ്. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനല്ല ഞാന്‍ ഇവിടുള്ളത്. റിട്ടയര്‍ ചെയ്താല്‍ കെഎസ്ആര്‍ടിസിയെ നശിപ്പിച്ചയാള്‍ എന്ന ചീത്തപ്പേര് എനിക്ക് ഉണ്ടാകരുത്. കെഎസ്ആര്‍ടിസിയെ രക്ഷിച്ചയാള്‍ എന്ന പേര് മാത്രമേ എനിക്കുണ്ടാകാവൂ എന്നും അദ്ദേഹം പറഞ്ഞു.
പിടിപ്പുകേടുള്ള ചില ഉദ്യോഗസ്ഥരാണ് കെഎസ്ആര്‍ടിസി ഡയറക്ടറേറ്റിലിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണം. ബില്ലുകള്‍ പാസാക്കുന്നില്ല. 800 പേര് റിട്ടയര്‍ ചെയ്തിട്ട് അവരുടെ പെന്‍ഷന്‍ കൊടുക്കാന്‍ പറ്റുന്നില്ല. വടകര ഡിവിഷനില്‍ ഒരു മഹാന്‍ 120 ദിവസമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ എന്ന് പറഞ്ഞ് ജോലിക്ക് ഹാജരാകാതിരുന്നത്. ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത ഒരു വിഭാഗം കെഎസ്ആര്‍ടിസിയിലുണ്ട്. ആര്‍ക്കും കേറി മേയാന്‍ പറ്റുന്ന പൊതുമേഖലാ സ്ഥാപനമായി കെഎസ്ആര്‍ടിസി മാറി. ഇതൊക്കെ നടക്കുന്നത് ജോലിയില്‍ ആത്മാര്‍ത്ഥതയില്ലാവര്‍ കാരണമാണ്.
കേരളത്തിലെ ജനങ്ങളുടെ പൈസയാണ് നിങ്ങള്‍ക്ക് ബജറ്റിലൂടെ തരുന്നത്. 5000 കോടി രൂപയാണ് ഇക്കഴിഞ്ഞ അഞ്ചുകൊല്ലംകൊണ്ട് സര്‍ക്കാര്‍ നല്‍കിയത്. എന്നിട്ടും കെഎസ്ആര്‍ടിസി നന്നായില്ല. ഇതിന് കാരണം പിടിപ്പുകെട്ട മിഡില്‍ മാനേജ്‌മെന്റും ടോപ്പ് മാനേജ്‌മെന്റുമാണ്. പ്രൊഫഷണല്‍ മാനേജ്‌മെന്റായി മാറിയില്ലെങ്കില്‍ അത്തരത്തിലുള്ളവരെ മാറ്റിനിര്‍ത്തി പുതിയ ബോര്‍ഡ് വരുമെന്നും സിഎംഡി പറഞ്ഞു.