ഇസ‌്‌ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെക്കുറിച്ച് ‘തുടർച്ചയായി നല്ലതു പറയുന്നു’വെന്ന ആക്ഷേപത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. രാജ്യാന്തര ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന കോലിയെക്കുറിച്ച് നല്ലതു പറയുന്നതിൽ എന്താണ് തെറ്റെന്ന് അക്തർ ചോദിച്ചു. വിരാട് കോലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെക്കുറിച്ച് തുടർച്ചയായി പുകഴ്ത്തി സംസാരിക്കുന്ന അക്തറിനെതിരെ പാക്കിസ്ഥാനിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രൂക്ഷ പ്രതികരണവുമായി അക്തറിന്റെ രംഗപ്രവേശം.
അടുത്തിടെ ക്രിക്കറ്റ് പാക്കിസ്ഥാന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യൻ താരങ്ങളെ പുക്ഴത്തുന്നതിന്റെ പേരിൽ പാക്കിസ്ഥാനിൽനിന്ന് ഉയരുന്ന വിമർശനങ്ങളോട് താരം പ്രതികരിച്ചത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോലിയെന്ന വസ്തുത എല്ലാവരും അംഗീകരിച്ചേ തീരൂവെന്ന് അക്തർ ചൂണ്ടിക്കാട്ടി.
‘ഇന്ത്യൻ താരങ്ങളെയും വിരാട് കോലിയെയും ഞാൻ പുകഴ്ത്തുന്നുണ്ടെങ്കിൽ അതിലെന്താണ് ഇത്ര പ്രശ്നം? വിരാട് കോലിയുമായി തട്ടിച്ചുനോക്കാവുന്ന ഏതെങ്കിലും താരം പാക്കിസ്ഥാനിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഉണ്ടോ?’ – അക്തർ ചോദിച്ചു.
‘ഇത്തരം കാര്യങ്ങൾക്ക് എന്തിനാണ് ആളുകൾ സമനില വിട്ട് പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ വിമർശിക്കുന്നവർ ആദ്യം കണക്കുകൾ പരിശോധിക്കട്ടെ. ഇന്ത്യൻ താരമായതുകൊണ്ട് അദ്ദേഹത്തിനെതിരെ മനസ്സിൽ വൈരം സൂക്ഷിക്കണമെന്നും പുകഴ്ത്താൻ പാടില്ലെന്നുമാണോ ഇത്തരക്കാർ ശഠിക്കുന്നത്?’ – അക്തർ ചോദിച്ചു.
വിരാട് കോലിയുടെ മികവിനെക്കുറിച്ച് സംശയമുള്ളവർ അദ്ദേഹത്തിന്റെ പ്രകടനവുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കാനും അക്തർ ആവശ്യപ്പെട്ടു.
‘രാജ്യാന്തര ക്രിക്കറ്റിൽ ഇതിനകം 70 സെഞ്ചുറികൾ നേടിയ താരമാണ് കോലി. ഇപ്പോഴും സജീവമായിട്ടുള്ളവരിൽ ഇത്രയും സെഞ്ചുറികൾ നേടിയ മറ്റാരുണ്ട്? കോലി ഇന്ത്യയെ ജയിപ്പിച്ച പരമ്പരകൾ എത്രയധികമാണ്? എന്നിട്ടും ഞാൻ കോലിയെക്കുറിച്ച് നല്ലതു പറയുന്നത് തെറ്റാണോ?’ – അക്തർ ചൂണ്ടിക്കാട്ടി.