ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അ‌റിയാത്ത അ‌വസ്ഥ; ഹർത്താൽ കൊണ്ട് എന്തു നേടി?- ഹൈക്കോടതി

കൊച്ചി: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ചൊവ്വാഴ്ച നടത്തിയ ഹർത്താലിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അ‌റിയാത്ത അ‌വസ്ഥയാണുള്ളതെന്നും കോടതി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷവും ഭരണപക്ഷവും ഹർത്താലിന് ആഹ്വാനം ചെയ്തത്.

വയനാട് പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിച്ചത്. ഹർത്താൽ കൊണ്ട് എന്തു നേടിയെന്നും കോടതി ചോദിച്ചു.

ടൂറിസം ഡെസ്റ്റിനേഷനെന്ന നിലയിൽ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അ‌റിയപ്പെടുന്നത്. എന്നാൽ, ഇവിടെ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനുപോലും അ‌റിയില്ല. ഭരണകക്ഷി ഹർത്താൽ നടത്തിയത്‌ എന്തിനാണാണെന്നും മിന്നൽ ഹർത്താൽ നടത്തില്ലെന്ന പ്രതിപക്ഷകക്ഷിയുടെ ഉറപ്പും എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി ചോദിച്ചു.

ഇനിയും ഹർത്താൽ നടത്തരുതെന്ന് സർക്കാരിനോട് നിർദേശിക്കാൻ അ‌ഡ്വക്കേറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം പ്രതിപക്ഷത്തെയും അ‌റിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7