ചെറിയ അളവില്‍ ഓസോണ്‍ ഗ്യാസിന് കൊറോണ വൈറസ് കണികകളെ നിര്‍ജ്ജീവമാക്കാന്‍ സാധിക്കുമെന്ന് ജപ്പാനിലെ ഗവേഷകര്‍ കണ്ടെത്തി. ആശുപത്രികള്‍, കാത്തിരിപ്പ് മുറികള്‍ അടക്കമുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ ഓസോണ്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
ഫുജിത ആരോഗ്യ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. .05 മുതല്‍ 0.1 പാര്‍ട്സ് പെര് മില്യണ്‍ അളവിലുള്ള ഓസോണ്‍ ഗ്യാസിന് വൈറസിനെ നശിപ്പിക്കാനാകുമെന്നാണ് ഇവരുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടച്ചിട്ട ചേംബറില്‍ കൊറോണ വൈറസ് സാംപിളുകളും ഓസോണ്‍ ജനറേറ്ററും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. 10 മണിക്കൂര്‍ ചെറിയ തോതിലുള്ള ഓസോണ്‍ ഗ്യാസ് ഉപയോഗിച്ച് കഴിഞ്ഞപ്പോള്‍ ചേംബറിലെ കൊറോണ വൈറസ് സാന്നിധ്യത്തില്‍ 90 ശതമാനത്തിലധികം കുറവ് സംഭവിച്ചതായി പരീക്ഷണം ചൂണ്ടിക്കാട്ടി.
ചെറിയ തോതില്‍ ഓസോണ്‍ ഗ്യാസ് മനുഷ്യര്‍ക്ക് ഹാനികരമല്ലാത്തതിനാല്‍ വ്യക്തികള്‍ ഇരിക്കുമ്പോഴും ഈ സംവിധാനം ഉപയോഗിച്ച് അണുനാശനം നടത്താമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഉയര്‍ന്ന ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഇത് കൂടുതല്‍ ഫലപ്രദമായിരിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്കിയ തകയുകി മുറാത പറയുന്നു.