ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രം ‘സൂരരൈ പോട്ര്’ ഒടിടി റിലീസ്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ വലിയ ചര്‍ച്ചകള്‍ക്ക് തെന്നിന്ത്യന്‍ സിനിമാലോകത്ത് കളം ഒരുങ്ങുമെന്ന് ഉറപ്പായി. ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈം വഴിയാകും ചിത്രം റിലീസ് ചെയ്യുക. ഡിജിറ്റല്‍ റിലീസിലൂടെ ലഭിക്കുന്ന തുകയില്‍ നിന്നും 5 കോടിരൂപ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് അണിയറക്കാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ആമസോണ്‍ പ്രൈം വഴി റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രം കൂടിയാണിത്. ‘ഇരുതി സുട്രു’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയാണ് നായിക. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖീയ എന്റര്ടെയ്ന്മെന്റ് എന്നീ നിര്‍മാണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് ‘ സൂരരൈ പോട്ര്.
ഒടിടി റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംഘടനകളും നിര്‍മാതാക്കളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സൂര്യയുടെ ചിത്രവും ഒടിടി റിലീസിനെത്തുന്നത്. നേരത്തെ സൂര്യ നിര്‍മിച്ച് ജ്യോതിക നായികയായി എത്തിയ പൊന്മകള് വന്താല്‍ എന്ന ചിത്രവും ഒടിടി റിലീസ് ആയിരുന്നു.