ആദ്യം വരുന്നവര്‍ക്ക് ആദ്യം കയറാം; ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചു തുടങ്ങി

തിരുവനന്തപുരം: ചിങ്ങം ഒന്നു മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചു തുടങ്ങി. കൃത്യമായ നിബന്ധനകളോടെയും നിയന്ത്രണങ്ങളോടെയുമാണ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ഒരു സമയം അഞ്ചു പേര്‍ക്കാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുവാനുള്ള അനുവാദം. ആദ്യം വരുന്നവര്‍ക്ക് ആദ്യം കയറാം എന്ന തരത്തിലാണ് ഇപ്പോഴത്തെ നിയന്ത്രണം. മുഖാവരണം ധരിക്കണം എന്നതും നിര്‍ബന്ധമാണ്. ക്ഷേത്രത്തിനുള്ളിലും കൃത്യമായ സാമൂഹ്യ അകലം പാലിക്കണം.

10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസിന് മുകളില്‍ പ്രായമായവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമുണ്ടാവില്ല. കോവിഡ് പിടിപെടാന്‍ ഏറ്റവും വേഗത്തില്‍ സാധ്യത ഉണ്ടെന്നതിനാലും റിവേഴ്‌സ് ക്വാറന്റൈനില്‍ ഉള്‍പ്പെടുന്നതിനാലുമാണ് ഇത്. ക്ഷേത്രത്തിനുള്ളിലും പരിസരത്തും തിരക്ക് കൂടും എന്നതിനാല്‍ നിര്‍മാല്യ സമയത്തും ദീപാരാധന സമയത്തും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയോ ഇവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയോ ചെയ്യില്ല. രാവിലെ 6 മണിക്ക് മുമ്പും വൈകിട്ട് 6.30 മുതല്‍ 7 മണി വരെയുമാണ് ഈ നിയന്ത്രണം.

വഴിപാടുകള്‍ക്കായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക പ്രസാദ കൗണ്ടര്‍ ക്രമീകരിക്കും. വഴിപാടിന്റെ പ്രസാദം ശ്രീകോവിലിനുള്ളില്‍ നിന്നും ലഭിക്കില്ല. പ്രസാദം വിതരണം ചെയ്യുന്നതും കൗണ്ടറുകള്‍ വഴിയായിരിക്കും. ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം. ഇവ ക്ഷേത്ര രജിസ്റ്ററില്‍ സൂക്ഷിക്കും. ഇന്ന് മുതല്‍ ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള ജലാശയങ്ങളില്‍ കുളിക്കുന്നതും വിലക്കിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനം അനുവദിച്ചിട്ടുണ്ടെങ്കിലും ശബരിമലയില്‍ ഇപ്പോഴും ഭകതര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ചിങ്ങമാസ പൂജകള്‍ക്കായി ഞായറാഴ്ച വൈകിട്ട് ശബരിമല നട തുറന്നുവെങ്കിലും ദേവസ്വം ബോര്‍ഡ് ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7