വ്യക്തികളുടെ സ്വകാര്യത ഇനി ഇല്ല; എല്ലാം പോലീസ് പരിശോധിക്കും, തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബര്‍ വിദഗ്ധര്‍

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബര്‍ വിദഗ്ധര്‍. സിഡിആര്‍ (കോള്‍ ഡീറ്റൈല്‍സ് റെക്കോഡര്‍) കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ അനുസരിച്ചായിരിക്കും ഗുണദോഷങ്ങള്‍. ഒരു വ്യക്തിയുടെ ഫോണ്‍കോള്‍ സംബന്ധിച്ച കാര്യങ്ങളെല്ലാം സിഡിആറിലൂടെ അറിയാന്‍ കഴിയും. മൊബൈല്‍ രേഖകള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കാനിടയുള്ള ഉദ്യോഗസ്ഥരുടെ കയ്യില്‍ സിഡിആര്‍ ലഭിച്ചാല്‍ ആ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നേക്കാം.

ഒരു കേസില്‍ പൊലീസ് സംശയിക്കുന്നവരുടേയോ, കോള്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നവരുടേയോ മൊബൈല്‍ നമ്പരുകളും കോവിഡ് രോഗികളുടെ മറവില്‍ വിവര ശേഖരണത്തിനായി മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് കൈമാറാനിടയുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താഴെയുള്ള ഉദ്യോഗസ്ഥരുടെ ‘വ്യക്തി താല്‍പര്യങ്ങള്‍’ മനസിലാകണമെന്നില്ല. കോവിഡ് നിയന്ത്രണത്തിനായി ഒരു വ്യക്തിയുടെ സിഡിആര്‍ എടുത്താല്‍ ആയാളുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ കഴിയണമെന്നില്ലെന്ന് സൈബര്‍ രംഗത്തുള്ളവര്‍ പറയുന്നു.

ഒരു വ്യക്തി മൊബൈലുമായി പോയ സ്ഥലങ്ങള്‍ കൃത്യമായി അറിയാന്‍ കഴിയുമെങ്കിലും സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ ആ വ്യക്തിതന്നെ വെളിപ്പെടുത്തേണ്ടിവരും. നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്നവരുമായി ഫോണില്‍ എപ്പോഴും സംസാരിക്കേണ്ടതില്ലാത്തതിനാല്‍ ആരെയൊക്കെ ഫോണ്‍ വിളിച്ചു, ഏതൊക്കെ നമ്പരില്‍നിന്ന് ഫോണ്‍ വന്നു എന്നതും പ്രസക്തമല്ല. നിരീക്ഷണത്തിലുള്ള വ്യക്തി ഫോണ്‍ വീട്ടില്‍വച്ച് പുറത്തിറങ്ങിയാലും ഫോണ്‍പരിശോധന ഗുണം ചെയ്യില്ല. പഴയ മോഡല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ജിപിഎസ് ലൊക്കേഷന്‍ കണ്ടെത്താനാകാത്തതും പരിശോധനയ്ക്കു തിരിച്ചടിയാണ്.

ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്ന ആളിനെ ആരൊക്കെ വിളിച്ചു, അവര്‍ ആരെയൊക്കെ വിളിച്ചു, എവിടെനിന്നെല്ലാം എസ്എംഎസ് വന്നു, ആര്‍ക്കൊക്കെ എസ്എംഎസ് അയച്ചു തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാനാണ് പൊലീസ് സാധാരണ സിഡിആര്‍ പരിശോധിക്കുന്നത്. വിളിച്ച സമയം, തീയതി, ടവര്‍, കോളിന്റെ ദൈര്‍ഘ്യം, ഐഎംഇഐ നമ്പര്‍, സിം ഐഡി, ഇന്‍കമിങ് കോളാണോ ഔട്ട്‌ഗോയിങ് കോളാണോ തുടങ്ങിയ കാര്യങ്ങളെല്ലാം സിഡിആറിലുണ്ടാകും. ഒരാള്‍ നില്‍ക്കുന്ന സ്ഥലം മൊബൈല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതിനെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നു എന്നാണ് സാധാരണ പറയുന്നതെങ്കിലും ഈ പരിശോധനയില്‍ സാധാരണ കാര്യമായ പ്രയോജനം ലഭിക്കാറില്ല.

നാട്ടിന്‍പുറത്ത് ഇത് 6 കിലോമീറ്റര്‍ വരെയാകാം. എന്നാല്‍ ജിപിഎസ് ലൊക്കേഷനാണെങ്കില്‍ കൃത്യമായ സ്ഥലം അറിയാന്‍ കഴിയും. ജിപിഎസ് ലൊക്കേഷന്‍ പരിശോധിക്കാന്‍ ഫോണ്‍ വിളി രേഖകള്‍ വേണ്ടെന്നിരിക്കേ പൊലീസ് നടത്തുന്ന നീക്കം സംശയകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തി താല്‍പര്യങ്ങള്‍ വന്നാല്‍ കൂട്ടത്തോടെ ഫോണ്‍രേഖകള്‍ ശേഖരിക്കുന്ന സാഹചര്യം ഉണ്ടാകാം. ഇന്റലിജന്‍സ് എഡിജിപിക്കും, പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കുമാണ് ഫോണ്‍ രേഖകള്‍ ശേഖരിക്കേണ്ട ചുമതല.

ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് വകുപ്പ് 5(2) പ്രകാരം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭംഗം വരുന്ന സന്ദര്‍ഭത്തിലോ കുറ്റകൃത്യം തടയാനോ സര്‍ക്കാരിന്റെ അനുവാദത്തോടെ ഫോണ്‍ ചോര്‍ത്താം. ഇന്ത്യന്‍ ടെലഗ്രാഫ് ഭേദഗതി ചട്ടം 2007 അനുസരിച്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് ഫോണ്‍ നിരീക്ഷണത്തിനു അനുമതി നല്‍കാന്‍ അധികാരം. 60 ദിവസമാണ് കാലാവധി. അത്യാവശ്യഘട്ടങ്ങളില്‍ ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്കും ഇത് നിരീക്ഷിക്കാം. എന്നാല്‍ 3 ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയെ അറിയിച്ച് 7 ദിവസത്തിനകം ഉത്തരവ് നേടണം.

ആഭ്യന്തര സെക്രട്ടറി നല്‍കുന്ന ഉത്തരവ് ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവര്‍ വിലയിരുത്തും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം ഫോണ്‍വിവരങ്ങള്‍ പരിശോധിക്കേണ്ടത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69ാം വകുപ്പനുസരിച്ച് സര്‍ക്കാരിന് ചില സാഹചര്യങ്ങളില്‍ ന്യായമായ കാര്യങ്ങള്‍ക്ക് വ്യക്തിഗത രേഖകള്‍ നിരീക്ഷിക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിലവിലുണ്ട്. കോവിഡിന്റെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ഈ വര്‍ഷമാണ് ഉത്തരവിറങ്ങിയത്. 2011ലെ ഐടിചട്ടങ്ങള്‍ അനുസരിച്ച് ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ എടുക്കാന്‍ മാത്രമേ വ്യക്തിയുടെ അനുമതി ആവശ്യമുള്ളൂ. ഫോണ്‍ നമ്പര്‍ ആ ഗണത്തില്‍ വരില്ല

ജിപിഎസ് ലൊക്കേഷന്‍ പരിശോധിക്കുമ്പോഴാണ് മൊബൈല്‍ ഇരിക്കുന്ന കൃത്യമായ സ്ഥലം അറിയാന്‍ കഴിയുക. ഇതിനു ലൊക്കേഷന്‍ ബട്ടണ്‍ ഫോണില്‍ ഓണ്‍ ചെയ്തിരിക്കണം. ജിപിഎസ് വിവരങ്ങള്‍ ശേഖരിക്കുന്നതിനെ ഐപി ഡംപ് പരിശോധന എന്നാണ് പറയുക. ഉപഭോക്താവിന്റെ ഡാറ്റ, വൈഫൈ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. ഒരു മൊബൈല്‍ ഉപഭോക്താവിന്റെ ഐഡന്റിറ്റി ആയ ഐപി ഉപയോഗിച്ചായിരിക്കും വിവരങ്ങള്‍ ശേഖരിക്കുക. നഗരത്തില്‍ ഒരു നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ വ്യക്തി നില്‍ക്കുന്ന സ്ഥലവുമായി ഒരു കിലോമീറ്റര്‍ വരെ വ്യത്യാസം വരാം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7