ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് ബിജെപി എംപി

പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബി.ജെ.പി. എം.പി. അനന്ത് കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദത്തില്‍. ഉത്തര കന്നഡയിലെ കുംതയില്‍ തിങ്കളാഴ്ച നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഹെഗ്‌ഡെ ബി.എസ്.എന്‍.എല്‍. ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ചത്.

‘അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബി.എസ്.എന്‍.എല്‍. ജീവനക്കാ.ര്‍’ ഹെഗ്‌ഡെ പറഞ്ഞു. ബി.എസ്.എന്‍.എല്‍. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീര്‍ന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.

88,000 ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടും അതിന്റെ നിലവാരം ഉയര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നാണ് ബി.ജെ.പി. എം.പി. അവകാശപ്പെടുന്നത്.

അനന്ത്കുമാര്‍ ഹെഗ്‌ഡെ നേരത്തെയും നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്നായിരുന്നു ഹെഗ്‌ഡെ അടുത്തിടെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഉത്തര കന്നഡയില്‍ നിന്നുള്ള ബി.ജെ.പി. എം.പിയായ ഹെഗ്‌ഡെ ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7