കൊച്ചി : സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി പരാതി. രോഗി മരിച്ചതോടെ, വലിയ വില കൊടുത്തു വാങ്ങിയ ഉപകരണം തിരികെത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് ബന്ധുക്കള്‍ മെഡിക്കല്‍ സൂപ്രണ്ടിനു നല്കിയ പരാതിയില്‍ പറയുന്നു. ഈ ഉപകരണം രോഗിക്കുവേണ്ടി ഉപയോഗിച്ചിട്ടില്ലെന്നാണ് മനസ്സിലായതെന്നും ബന്ധുക്കള്‍ പറയുന്നു. എംഎല്‍എ ഫണ്ടില്‍ നിന്നും എംപി ഫണ്ടില്‍നിന്നുമെല്ലാം ലക്ഷങ്ങള്‍ മുടക്കി വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിട്ടുള്ള കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശിയുടെ ബന്ധുക്കളെക്കൊണ്ടാണ് ‘ഡ്രീംസ്റ്റേഷന്‍ ഓട്ടോ ബൈപാപ്’ എന്ന യന്ത്രം വാങ്ങിപ്പിച്ചത്. ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗിക്ക് രോഗം കുറഞ്ഞുവെന്നാണ് ആദ്യം അറിയിച്ചത്. രോഗിയെ വാര്‍ഡിലേക്ക് മാറ്റണമെങ്കില്‍ ബൈപാപ് യന്ത്രം വാങ്ങി നല്‍കണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. കോവിഡ് സെന്ററിന്റെ നോഡല്‍ ഓഫിസറും പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ വിഭാഗം മേധാവിയുമായ ഡോ.എ.ഫത്താഹുദ്ദീന്‍ ആണ് ബൈപാപ് യന്ത്രം വാങ്ങണമെന്ന കുറിപ്പ് നല്‍കിയത്. യന്ത്രം ലഭ്യമാകുന്ന സ്ഥാപനത്തിന്റെ പ്രതിനിധിയുടെ പേരും ഫോണ്‍ നമ്പരും കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.