കാഞ്ഞങ്ങാട് : ഹോട്ടലിന്റെ ഗേറ്റ് പൂട്ടി ജീവനക്കാരൻ പോയി. നിരീക്ഷണത്തിലിരിക്കെ കോവിഡ് പോസിറ്റീവായ യുവാവിന് ആംബുലൻസിൽ കയറാൻ ഗേറ്റ് ചാടിക്കടക്കേണ്ടിവന്നു. ഇതിനിടെ വീണ് യുവാവിനു നേരിയ പരുക്കും പറ്റി. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ സ്വകാര്യ ഹോട്ടലിനു മുൻപിലാണു സംഭവം. ഈ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു യുവാവ്.
കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനാൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസുകൾ നിർത്താതെ ഓട്ടത്തിലാണ്. രാത്രി എട്ടിനാണു യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസ് എത്തിയത്. ഈ സമയം ഹോട്ടൽ ജീവനക്കാരൻ പ്രധാന ഗേറ്റ് പൂട്ടി പോയിരുന്നു. പുറത്തിറങ്ങാൻ മറ്റു മാർഗങ്ങളില്ലായിരുന്നു. തുടർന്നാണ് ഗേറ്റ് ചാടി ആംബുലൻസിന് അരികിലെത്താൻ ശ്രമിച്ചത്. കോവിഡ് പോസിറ്റീവായതിനാല്‍ ഇദ്ദേഹത്തെ സഹായിക്കാനും ആര്‍ക്കും കഴിഞ്ഞില്ല.