സ്വപ്‌നയുടെ ലോക്കറില്‍ 1.05 കോടി രൂപയും ഒരു കിലോ സ്വര്‍ണവും

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയതായി എൻഐഎ അന്വേഷണ സംഘം. എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 1.05 കോടി രൂപയാണു കണ്ടെത്തിയത്. ഇത് സ്വർണക്കടത്തിലൂടെ സ്വപ്ന സമ്പാദിച്ചതാണെന്നാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്റ്റാച്യുവിലെ ഫെഡറൽ ബാങ്ക് ലോക്കറിൽ 36.5 ലക്ഷം രൂപയും എസ്ബിഐയുടെ സിറ്റി ബ്രാഞ്ച് ലോക്കറിൽ 64 ലക്ഷം രൂപയുമാണ് കണ്ടെത്തിയത്. ഇതോടൊപ്പം 982.5 ഗ്രാം സ്വർണവും ലോക്കറിൽനിന്ന് കണ്ടെടുത്തു. സ്വർണം ആഭരണങ്ങളായാണു സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ സ്വർണം തനിക്കു സമ്മാനമായി ലഭിച്ചതാണ് എന്നാണ് അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. ഇതു തന്നെ സ്വപ്നയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഇത്.

വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം വേണ്ടതുണ്ടെന്ന നിലപാടാണ് അന്വേഷണ സംഘം കോടതിയിൽ സ്വീകരിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും എതിരെ തെളിവുകൾ ശക്തമാണെന്നും അന്വേഷണം തുടരേണ്ടതുള്ളതിനാൽ പ്രതികൾക്കു ജാമ്യം നൽകരുതെന്നും എൻഐഎ കോടതിയെ അറിയിച്ചു. രണ്ടു പ്രതികളെയും 21 വരെ എൻഐഎ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റംസും ഇഡിയും സ്വർണക്കടത്തിൽ അന്വേഷണം തുടരുകയാണ്. ഇന്ന് കസ്റ്റംസ് പ്രതികളെ എൻഐഎ ഓഫിസിലെത്തി ചോദ്യം ചെയ്തിരുന്നു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7