തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഒളിത്താവളത്തെക്കുറിച്ച് കസ്റ്റംസിന് സൂചന ലഭിച്ചു. തലസ്ഥാനത്ത് ഭരണരംഗത്തെ ഒരു പ്രമുഖന്റെ വസതിയിലെത്തിയ സ്വപ്നയെ പിന്നീട് അബ്കാരിയുടെ നേതൃത്വത്തില്‍ ഒളിത്താവളത്തിലെത്തിക്കുകയായിരുന്നു.
ഇവരെ കടത്താന്‍ ഉപയോഗിച്ച ആഡംബര കാര്‍ സി.പി.എം. അനുഭാവിയായ അബ്കാരി കരാറുകാരന്റേതാണ്. ഈ കരാറുകാരന്റെ നേതൃത്വത്തിലുളള സംഘമാണ് സ്വപ്നയ്ക്ക് സംരക്ഷണവലയം തീര്‍ത്തിരിക്കുന്നത്. സ്വപ്നയെ കോടതിമുമ്പാകെ ഹാജരാക്കാനാണ് ആലോചന. പ്രമുഖ അഭിഭാഷകന്റെ ഉപദേശം ഇതിന് ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് ചോദ്യം ചെയ്താല്‍ പറയേണ്ട കാര്യങ്ങളെക്കുറിച്ചും സ്വപ്നയെ പഠിപ്പിച്ചതായാണ് വിവരം.
അതിനിടയില്‍ സ്വപ്നയുടെ ഒളിത്താവളത്തെക്കുറിച്ചുള്ള വിവരം പോലീസുമായി പങ്കുവെയ്ക്കാനോ സ്വപ്നയെ കണ്ടുപിടിക്കാനോ പോലീസിന്റെ സഹായം തേടേണ്ടതില്ലെന്ന നിലപാടിലാണ് കസ്റ്റംസ്. സംസ്ഥാന സര്‍ക്കാരിന്റെ പല പ്രമുഖരും ഉള്‍പ്പെട്ട കേസായതിനാല്‍ പോലീസുമായി സഹകരിക്കുന്നത് അപകടകരമാണെന്നും തെളിവുകള്‍ ചോരാനിടയുണ്ടെന്നും കസ്റ്റംസ് കരുതുന്നു.
സ്വപ്നയുടെ ഒറ്റുകാരായി പോലീസില്‍ നല്ലൊരു വിഭാഗമുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെതുടര്‍ന്ന് സ്വപ്നയോട് ഒളിവില്‍ പോകാന്‍ ഉപദേശിച്ച പോലീസ് ഉന്നതന്‍ കസ്റ്റംസ് നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ പോലീസുമായി സഹകരിക്കാതെ
ഒറ്റയ്ക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുമാണ് കസ്റ്റംസ് ഉന്നതതല തീരുമാനം.
ഐ.ബി. അടക്കമുളള കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെയാണ് സ്വപ്നയെ കണ്ടുപിടിക്കാനും കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്താനും കസ്റ്റംസ് ശ്രമിക്കുന്നത്. സ്വപ്ന ഒളിവില്‍ കഴിയുന്നത് സര്‍ക്കാരുമായി ബന്ധപ്പെട്ട സുപ്രധാന കേന്ദ്രത്തിലാണെന്നു കസ്റ്റംസ് കരുതുന്നു. പക്ഷേ, ഇവിടങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിന് കൂടുതല്‍ സന്നാഹങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ശക്തമായി മുന്നോട്ടുപോകാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.
കസ്റ്റഡിയിലെടുത്ത കാര്‍ ഡ്രൈവറെ കൊച്ചി കസ്റ്റംസിന്റെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. തലസ്ഥാനത്തെ സ്വപ്നയുടെ ഫ്‌ളാറ്റ് റെയ്ഡ് നടത്തിയ കസ്റ്റംസ് വിഭാഗം അന്തംവിട്ടു. സായുധ സേനാംഗങ്ങള്‍ ധരിക്കുന്ന യൂണിഫോമും വാക്കിടോക്കിയും കണ്ടെടുത്തു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരത്തിനു സമീപം സ്വപ്ന നിര്‍മിക്കുന്ന രമ്യഹര്‍മ്മത്തെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ നയതന്ത്ര പാഴ്സലില്‍ കടത്തിയ കോടികളുടെ സ്വര്‍ണം കസ്റ്റംസ് പിടിക്കുമെന്നുറപ്പായപ്പോള്‍ സ്വപ്ന സുരേഷ് സഹായത്തിനായി വിളിച്ച നേതാവിലേക്കും വ്യാപാരിയിലേക്കും അന്വേഷണം.
ഇതിനെത്തുടര്‍ന്ന് കസ്റ്റംസിനെ ഏജന്‍റ് വിളിക്കുകയും ചെയ്തു. കൊച്ചി ഞാറയ്ക്കല്‍ സ്വദേശിയായ ഏജന്‍റ് സംഘടനാ നേതാവ് കൂടിയാണെന്നാണ് വിവരം. പ്രധാനമായും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏജന്റിന്‍റെ കൊച്ചിയിലെ വസതിയും കസ്റ്റംസ് പരിശോധിച്ചു.
കോഴിക്കോട്ടെ രാഷ്ട്രീയനേതാവിന്റെ വസ്ത്ര വ്യാപാരിയായ മകനും കസ്റ്റംസ് അന്വേഷണപരിധിയിലാണ്. വ്യാപാരിയുടെ കോടുവള്ളിയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. വസ്ത്ര വ്യാപാരത്തിന്റെ പേരിൽ സ്വർണം കടത്തിയെന്ന് സൂചന. സന്ദീപ് നായരുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ വ്യാപാരി പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
FOLLOW US: pathram online