ആറു ദിവസത്തിനിടെ രണ്ടു തവണ പിതാവിന്റെ മരണം; സ്ത്രീയുടെ മൃതദേഹം കൈമാറി ആശുപത്രി

അമൃത്സര്‍: ആറു ദിവസത്തിനിടെ രണ്ടു തവണ പിതാവ് മരിച്ചെന്നു മക്കളോട് പറയുകയും സ്ത്രീയുടെ മൃതദേഹം കൈമാറുകയും ചെയ്ത് പഞ്ചാബിലെ ഗുരു നാനാക് ദേവ് ആശുപത്രി. സംഭവത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടു പഞ്ചാബ് ആന്‍ഡ് ഹരിയാന കോടതി ആവശ്യപ്പെട്ടു.

നാളെ മറുപടി ഫയല്‍ ചെയ്യണമെന്ന് ജസ്റ്റിസ് വിവേക് പുരി നിര്‍ദേശിച്ചു. ഹോഷിയാര്‍പുരില്‍നിന്നുള്ള കുടുംബത്തോടാണു പിതാവ് കോവിഡ് ബാധിച്ചു മരിച്ചുവെന്ന് പറഞ്ഞ് സ്ത്രീയുടെ മൃതദേഹം കൈമാറിയത്. പിതാവ് ജീവനോടെ ഉണ്ടെന്നു വിശ്വസിക്കുന്നുവെന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി മക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു.

സഹോദരങ്ങളായ ഗുര്‍ചരണ്‍ജിത് സിങ്ങും ദല്‍ബിര്‍ സിങ്ങുമാണു ഹര്‍ജി നല്‍കിയത്. കോവി!ഡ് പോസിറ്റീവായതിനെത്തുടര്‍ന്നു പിതാവ് എസ്.പ്രിതം സിങ്ങിനെ (90) ജൂലൈ 2ന് ഹോഷിയാര്‍പുരിലെ റായത് ബഹാര സര്‍വകലാശാലയില്‍ സജ്ജീകരിച്ച കൊറോണ ഐസലേഷന്‍ കേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്തു. ജൂലൈ 5ന് മകന്‍ ദല്‍ബിര്‍ സിങ്ങിനും കോവിഡ് പോസിറ്റീവ് ആയതിനാല്‍ രണ്ടുപേരെയും ഗുരു നാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും അവസ്ഥ മോശമായിരുന്നു.

ഒരേ വാര്‍ഡിലാണ് രണ്ടുപേരെയും കിടത്തിയത്. പിതാവിന്റെ അവസ്ഥ അതീവമോശമായപ്പോള്‍ ഐസിയുവിലേക്കു മാറ്റി. പിതാവ് ജൂലൈ 11ന് മരിച്ചെന്ന് ദല്‍ബീറിനോട് ജൂലൈ 13ന് ആശുപത്രി അറിയിച്ചു. എന്നാല്‍ ആ വാര്‍ത്ത തെറ്റായിരുന്നു. പ്രിതം സിങ് ജീവനോടെയുണ്ടെന്നു വ്യക്തമായി. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാക്കിയ ദല്‍ബിര്‍ സിങ്ങിനെ അന്നുതന്നെ പരിശോധനയൊന്നും കൂടാതെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട്, ജൂലൈ 17ന് രാത്രി 11ന് പിതാവ് മരിച്ചതായി 18ന് കുടുംബത്തെ ആശുപത്രി അറിയിച്ചു.

മൃതദേഹം വിട്ടുകിട്ടിയപ്പോഴാണ് അത് അമൃത്സറിലെ ദാംഗഞ്ച് മേഖലയിലുള്ള പദ്മ(37)യുടേതാണെന്നു കണ്ടെത്തിയത്. പദ്മയുടെയും പ്രീതം സിങ്ങിന്റെയും മൃതദേഹങ്ങള്‍ ആശുപത്രിക്കു മാറിപ്പോയതാണെന്നാണു കരുതുന്നത്. പദ്മയുടെ കുടുംബാംഗങ്ങള്‍ മൃതദേഹത്തിന്റെ മുഖം നോക്കാതെ ശനിയാഴ്ച സംസ്‌കാരം നടത്തി. എന്നാല്‍ പ്രീതം സിങ്ങിന്റെ കുടുംബം അവസാനമായി ഒരു വട്ടം കൂടി മുഖം കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7