വ്യാപനശേഷി കൂടുതല്‍; ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീവ്രത കുറവെന്ന് നിഗമനം

വാഷിങ്ടണ്‍: ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗതീവ്രത കുറവാണെന്ന് അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്തണി ഫൗസി. എന്നാല്‍, ഒമിക്രോണിനെക്കുറിച്ച് ആദ്യഘട്ടത്തില്‍ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനെതിരേ അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ വ്യാപിക്കുകയാണ്. എന്നാല്‍ ഇവിടങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആശങ്കയുണര്‍ത്തുന്ന വിധം വര്‍ധിച്ചിട്ടില്ല. ഇതുവരെയുള്ള അറിവുവെച്ച് ഒമിക്രോണ്‍ വളരെ രോഗതീവ്രതയുണ്ടാക്കുന്ന വൈറസ് വകഭേദമാണെന്ന് തോന്നുന്നില്ലെന്നും ഫൗസി പറഞ്ഞു.

ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണ്‍ രോഗതീവ്രത കുറഞ്ഞ വകഭേദമാണെന്നോ ഗുരുതരമായ രോഗം ഉണ്ടാക്കില്ലെന്നോ ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ആദ്യഘട്ടത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം നിഗമനങ്ങളില്‍ എത്തിച്ചേരാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തണമെന്നും ഫൗസി മുന്നറിയിപ്പ് നല്‍കി.

അതേസമയം, മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് സിംഗപുര്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. കോവിഡ് വന്ന് ഭേദമായവരില്‍ ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ ബാധിക്കാനിടയുണ്ടെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആദ്യ ഘട്ടത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം.

ഒമിക്രോണ്‍ വകഭേദത്തിനെതിരേ നിലവിലുള്ള വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണ് എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്നാല്‍ ഒമിക്രോണ്‍ ബാധിച്ചവരില്‍ രോഗതീവ്രത കുറയ്ക്കാന്‍ കോവിഡ് വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നുതന്നെയാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍ കരുതുന്നതെന്നും സിംഗപുര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7